ജിദ്ദ: തിരുവനന്തപുരം വിമാനതാവളത്തിൽ ഏർപ്പെടുത്തിയ യൂസർഫീ വർദ്ധനവ് പ്രവാസി വിരുദ്ധവും എത്രയും വേഗം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്ന് വേൾഡ് മലയാളി കൗൺസിൽ ജിദ്ദ ഘടകം അധികൃതരോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

അൽസലാം മെഡിക്കൽ സെൻ്ററിൽ കൂടിയ നിർവ്വാഹക സമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ദിലിപ് താമരക്കുളം പ്രമേയം അവതരിപ്പിച്ചു.

യാതൊരു നിയന്ത്രണവുമില്ലാതെ അടിക്കടിയുണ്ടാകുന്ന വിമാനക്കൂലി വർദ്ധനവ്, പൊടുന്നനേ റദ്ദ് ചെയ്യുന്ന വിമാന ഷെഡ്യൂളുകൾ എന്നിവ പ്രവാസികളുടെ ജോലിയിൽ തിരികെ പ്രവേശിക്കൽ, വിവാഹം, മത്സര പരീക്ഷകളിൽ പങ്കെടുക്കൽ തുടങ്ങിയ വ്യക്തിപരമായ ജീവിത സന്ദർഭങ്ങളെ സാരമായി ബാധിക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും യോഗം ആശങ്ക അറിയിച്ചു. ഇക്കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സത്വരശ്രദ്ധ പതിയണമെന്നും ഡബ്ളിയു എം സി ജിദ്ദ ചാപ്റ്റർ അഭ്യർത്ഥിച്ചു.