ജിദ്ദ – സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന ഹജ് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ശക്തമായ കാമ്പയിന്‍ ആരംഭിച്ചു. 50 ലേറെ സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ ഏജന്‍സികളുമായും സഹകരിച്ച് നടത്തുന്ന കാമ്പയിനിലൂടെ ലഗേജ് വ്യവസ്ഥകള്‍, മടക്കയാത്രാ നടപടിക്രമങ്ങള്‍ എന്നിവ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. മടക്കയാത്രയില്‍ ഹാജിമാരുടെ യാത്ര എളുപ്പമാക്കാനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ തീര്‍ഥാടകരില്‍ എത്തിക്കാന്‍ കാമ്പയിനിലൂടെ ഉന്നമിടുന്നു.
സാമൂഹികമാധ്യമങ്ങള്‍, പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍, ഔട്ട്‌ഡോര്‍ ബില്‍ബോര്‍ഡുകള്‍, ജിദ്ദ എയര്‍പോര്‍ട്ട് സ്‌ക്രീനുകള്‍ എന്നിവ വഴി ഹാജിമാരുമായി കാമ്പയിന്‍ ആശയവിനിമയം നടത്തും. മൂന്നാം പെരുന്നാള്‍ ദിവസം മുതല്‍ ഹാജിമാരുടെ മൊബൈല്‍ ഫോണുകളിലേക്ക് 20 ലക്ഷം എസ്.എം.എസ്സുകളും അയച്ചിട്ടുണ്ട്.
വിഷ്വല്‍ മെറ്റീരിയലുകള്‍, വിവരണാത്മകവും വിവരദായകവുമായ പ്രസിദ്ധീകരണങ്ങള്‍, ഇന്‍ഫോഗ്രാഫിക്‌സ് എന്നിവ വഴിയുള്ള ബോധവല്‍ക്കരണം കൂടുതല്‍ ആളുകളിലെത്തിക്കാന്‍ അറബി, ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, ഉര്‍ദു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ദുല്‍ഹജ് 13 (ജൂണ്‍ 19) മുതല്‍ ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിക്കഴിയുന്നതുവരെ ഒരുമാസക്കാലം കാമ്പയിന്‍ നീണ്ടുനില്‍ക്കും. ലഗേജ് വ്യവസ്ഥകളും വിമാനങ്ങളുടെ സമയക്രമവും തീര്‍ഥാടകര്‍ പാലിക്കാത്തത് മുന്‍ വര്‍ഷങ്ങളില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ ഇടയാക്കിയിരുന്നു.