ജിദ്ദ – പെട്രോകെമിക്കല്‍സ്, രാസവളങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഹെവി മെഷിനറികള്‍, ഓട്ടോമൊബൈല്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ന്യൂദല്‍ഹിയില്‍ സൗദി, ഇന്ത്യ ചര്‍ച്ചകള്‍. പെട്രോകെമിക്കല്‍സ്, വളം മന്ത്രി ജെ.പി നദ്ദ, ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി, വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുമായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് നടത്തിയ കൂടിക്കാഴ്ചകളിലാണ് വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തത്.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രശംസനീയമാണെന്ന് ജെ.പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. പെട്രോകെമിക്കല്‍സ്, വളം എന്നീ മേഖലകളില്‍ സംയുക്ത സഹകരണം കൂടുതല്‍ ആഴത്തിലാക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. ഈ മേഖലകളില്‍ സഹകരണത്തിനുള്ള പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ പക്ഷം വലിയ താല്‍പര്യം പ്രകടിപ്പിച്ചു. നിക്ഷേപം, വ്യാപാരം, വ്യവസായം എന്നിവ അടക്കമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനത്തെ കുറിച്ച് യോഗം വിശകലനം ചെയ്തു.
സൗദി വ്യവസായ, ധാതുവിഭവ മന്ത്രിയും ഇന്ത്യന്‍ ഉരുക്ക്, ഘന വ്യവസായ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക സംയോജനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ബന്ദര്‍ അല്‍ഖുറൈഫും ഡി. കുമാരസ്വാമിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സ്‌പെയര്‍ പാര്‍ട്‌സ് മേഖല ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളിലും ഓട്ടോമൊബൈല്‍ വ്യവസായങ്ങളിലും സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തു. ഇരുമ്പ്, ഉരുക്ക് വ്യവസായത്തില്‍ ഉപയോഗിക്കാന്‍ സൗദിയിലെ മഗ്‌നീഷ്യം അയിരുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ വിഭാഗം താല്‍പര്യം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായും ബന്ദര്‍ അല്‍ഖുറൈഫ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക സഹകരണം വര്‍ധിപ്പിക്കുന്നതിനെയും വ്യാവസായിക പങ്കാളിത്തം വികസിപ്പിക്കുന്നതിനെയും സൗദിയിലെ തന്ത്രപ്രധാനമായ വ്യാവസായിക മേഖലകളിലേക്ക് ഗുണപരമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനെയും കുറിച്ച് പീയൂഷ് ഗോയലും ബന്ദര്‍ അല്‍ഖുറൈഫും ചര്‍ച്ച ചെയ്തു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ശക്തമാണെന്നും വ്യാവസായിക മേഖലയില്‍ സംയുക്ത സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള അവസരങ്ങളുള്ളതായും ബന്ദര്‍ അല്‍ഖുറൈഫ് യോഗത്തില്‍ പറഞ്ഞു.
ലോക്കല്‍ കണ്ടന്റ് ആന്റ് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റി സി.ഇ.ഒ അബ്ദുറഹ്മാന്‍ അല്‍സമാരി, നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍സല്‍മി, ഇന്ത്യയിലെ സൗദി എംബസി ചാര്‍ജ് ഡി അഫയേഴ്സ് ജദി അല്‍റഖാസ്, സൗദി-ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഖഹ്താനി എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും രാജ്യത്തേക്ക് ഗുണപരമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ, ധാതുവിഭവ മന്ത്രിയുടെ നേതൃത്വത്തില്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയത്തില്‍ നിന്നും ലോക്കല്‍ കണ്ടന്റ് ആന്റ് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റിയില്‍ നിന്നുമുള്ള ഉന്നതതല സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും സൗദി അറേബ്യയെ പ്രധാന വ്യാവസായിക ശക്തിയായും, ആഗോള ഖനന, മിനറല്‍സ് കേന്ദ്രമായും മാറ്റാനുമുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനായി വ്യവസായ, ഖനന മേഖലകളിലെ സംയുക്ത നിക്ഷേപ അവസരങ്ങള്‍ വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ, ധാതുവിഭവ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്.