ജിദ്ദ – വിദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഹജ് തീര്‍ഥാടകര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നല്‍കുന്ന സേവനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ് ടെര്‍മിനലില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ സന്ദര്‍ശനം നടത്തി. സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ എന്‍ജിനീയര്‍ റായിദ് അല്‍മുദൈഹിം എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടി ഗവര്‍ണറെ അനുഗമിച്ചു.
ഹജ് ടെര്‍മിനലില്‍ യാത്രക്കാരുടെ സുരക്ഷാ നടപടിക്രമങ്ങളും ജവാസാത്ത് കൗണ്ടറുകളുമാണ് സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ആദ്യം സന്ദര്‍ശിച്ചത്. ഹജ് തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹജ് ടെര്‍മിനലില്‍ 143 ജവാസാത്ത് കൗണ്ടറുകളാണുള്ളത്. കസ്റ്റംസ് ഏരിയയില്‍ ബാഗേജ് പരിശോധനക്ക് 31 ഉപകരണങ്ങളുമുണ്ട്. ഹജ് ടെര്‍മിനലിലെ വ്യത്യസ്ത സേവന മേഖലകളും വിവിധ സര്‍ക്കാര്‍ വകുപ്പ് കേന്ദ്രങ്ങളും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. പിന്നീട് ഹജ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ബോധവല്‍ക്കരണ ശ്രമങ്ങളും വീക്ഷിച്ചു.
ഗ്രൂപ്പുകളുടെ ലഗേജുകള്‍ സ്വീകരിക്കുന്ന ഏരിയയെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനു മുന്നില്‍ വിശദീകരിച്ചു. 35,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഏരിയയില്‍ ലഗേജുകള്‍ വാഹനങ്ങളില്‍ കയറ്റാന്‍ 24 പാര്‍ക്കിംഗുകളുണ്ട്. തീര്‍ഥാടകര്‍ക്ക് സുഖകരമായ യാത്രാനുഭവം നല്‍കാനും അവരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹജ് ടെര്‍മിനലില്‍ എത്തുന്ന ഹജ് ഗ്രൂപ്പുകളുടെ ലഗേജുകള്‍ ഒരുമിച്ച് സ്വീകരിച്ച് മക്കയില്‍ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
സന്ദര്‍ശനത്തിനിടെ മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ഇന്തോനേഷ്യയില്‍ നിന്ന് എത്തിയ 400 ഹജ് തീര്‍ഥാടകരെ ഗവര്‍ണര്‍ സ്വീകരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. സൗദിയിലേക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും ഹജ് തീര്‍ഥാടകരുടെ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്. വിദേശ, ആരോഗ്യ, ഹജ്-ഉംറ, മീഡിയ മന്ത്രാലയങ്ങളുമായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.