റിയാദ്- റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സത്താര്‍ കായംകുളത്തിന്റെ ഓര്‍മ്മക്കായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ സത്താര്‍ കായംകുളം കര്‍മ പുരസ്‌കാരത്തിന് ഹായിലിലെ സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ റഹ്മാനും റിയാദിലെ സംഘടനാ പ്രവര്‍ത്തകരുടെ ഹെല്‍പ്പ് ഡെസ്‌ക് വാട്‌സ്ആപ് കൂട്ടായ്മ റിയാദ് ഹെല്‍പ്പ് ഡെസ്‌കും അര്‍ഹരായി. ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മലസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറുമെന്ന് ചെയര്‍മാന്‍ റാഫി പാങ്ങോട് അറിയിച്ചു.
സൗദി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും റിയാദ് ഇന്ത്യന്‍ എംബസിയും അംഗീകരിച്ച സന്നദ്ധപ്രവര്‍ത്തകനാണ് ചാന്‍സ റഹ്മാന്‍. ഹായിലിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായ ഇദ്ദേഹത്തെ ഹായില്‍ ഗവര്‍ണറും ആദരിച്ചിരുന്നു. വിവിധ സംഘടനകളിലെ ജീവകാരുണ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിയാദ് ഹെല്‍പ് ഡെസ്‌ക് ഇതിനകം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ശിഹാബ് കൊട്ടുകാട്, നവാസ് കണ്ണൂര്‍, നൗഷാദ് ആലുവ, സജിന്‍ നിഷാന്‍ എന്നിവരാണ് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍.