കുവൈത്ത് സിറ്റി – രാജ്യത്തെ പ്രമുഖ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് അല്‍ജുവൈഹിലിനെ കുവൈത്ത് അപ്പീല്‍ കോടതി 28 മാസം കഠിന തടവിന് ശിക്ഷിച്ചു. അല്‍അജ്മാന്‍ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഹമ്മദ് അല്‍ജുവൈഹിലിനെ കുവൈത്ത് ക്രിമിനല്‍ കോടതി ഏപ്രില്‍ 14 ന് മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ഇദ്ദേഹത്തിന് 10,000 കുവൈത്തി ദീനാര്‍ (32,600 അമേരിക്കന്‍ ഡോളര്‍) പിഴയും ചുമത്തിയിരുന്നു. കേസില്‍ പങ്കുള്ള മറ്റു പ്രതികളെ കണ്ടെത്തി അന്വേഷണം നടത്തി അവര്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറാന്‍ മുഹമ്മദ് അല്‍ജുവൈഹിലിന്റെ കേസ് രേഖകളുടെ കോപ്പി പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും കോടതി ഉത്തരവിട്ടിരുന്നു. ദേശീയൈക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ലെന്നും ക്രിമിനല്‍ കോടതി പറഞ്ഞു.
പ്രമുഖ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നേരത്തെ മുഹമ്മദ് അല്‍ജുവൈഹിലിനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ദേശീയൈക്യ നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പിന്നീട് തീരുമാനിച്ചു. തെറിവിളിക്കലും അപകീര്‍ത്തിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളില്‍ മുഹമ്മദ് അല്‍ജുവൈഹിലിനെ നേരത്തെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. മുന്‍ എം.പി ദൈഫുല്ല അബൂറംയയെ തെറിവിളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ 2012 ല്‍ മുഹമ്മദ് അല്‍ജുവൈഹിലിനെ കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ അവഹേളിച്ച കേസില്‍ അതേ വര്‍ഷം കുവൈത്ത് ക്രിമിനല്‍ കോടതി ഇദ്ദേഹത്തിന് ഒരു വര്‍ഷം തടവും 500 കുവൈത്തി ദീനാര്‍ പിഴയും വിധിച്ചു. മുന്‍ എം.പിക്കു നേരെ കാര്‍ക്കിച്ചു തുപ്പിയ കേസില്‍ 2013 ല്‍ ഒരു മാസം തടവിനും മുതൈര്‍ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അതേ വര്‍ഷം എട്ടു മാസം തടവിനും മുഹമ്മദ് അല്‍ജുവൈഹിലിനെ കോടതി ശിക്ഷിച്ചിരുന്നു.