ദമാം – അല്‍കോബാര്‍ അസീസിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫുഡ് ട്രക്കുകള്‍ നീക്കം ചെയ്യുന്നു. പ്രദേശം വികസിപ്പിക്കുന്നതിനു മുന്നോടിയായാണ് ഫുഡ് ട്രക്കുകള്‍ നീക്കം ചെയ്യുന്നത്. പല വലിപ്പങ്ങളിലുള്ള ഡസന്‍ കണക്കിന് ഫുഡ് ട്രക്കുകള്‍ നിര്‍ത്തിയിട്ട പ്രദേശം അധികൃതര്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് പൂര്‍ണമായും അടച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്തേക്ക് ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമായി. വരും ദിവസങ്ങളില്‍ ഇവിടെ നിന്ന് ഉടമകള്‍ ഫുഡ് ട്രക്കുകള്‍ നീക്കം ചെയ്യും.
ഫുഡ് ട്രക്കുകള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശം കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് അധികൃതര്‍ അടച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സ്വദേശികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അല്‍കോബാര്‍ നിവാസികളില്‍ 90 ശതമാനത്തോളം പേരും രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ തേടി എല്ലാ വെള്ളിയാഴ്ചകളിലും ഫുഡ് ട്രക്കുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് എത്തിയിരുന്നതായി വീഡിയോ പുറത്തുവിട്ടയാള്‍ പറഞ്ഞു. ഫുഡ് ട്രക്കുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം അടച്ചത് സങ്കടകരമായ കാഴ്ചയാണെന്നും ഇദ്ദേഹം പറഞ്ഞു.