ജിദ്ദ: ഈ ഭൂമിയിൽ വിശ്വാസികൾ പ്രവാസികളെപ്പോലെയാണെന്നും യഥാർത്ഥ ജീവിതമായ പാരത്രിക ജീവിതത്തിനുള്ള തയ്യാറെടുപ്പുകളാണ് ഇവിടെ നടത്തേണ്ടതെന്നും ഇസ്ലാഹീ പ്രഭാഷകൻ ചുഴലി സലാഹുദ്ധീൻ മൗലവി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘മോക്ഷം ആഗ്രഹിക്കുന്നവർക്കുള്ള ഉപദേശം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ പഠിപ്പിച്ചത് ഈ ലോകം മധുരമുള്ളതും പച്ചപ്പ് നിറഞ്ഞതുമാണ്. പക്ഷേ സൃഷ്ടാവ് മനുഷ്യനെ ഇങ്ങോട്ടയച്ചത് അവർ എങ്ങനെ പ്രവർത്തിക്കുന്നുണ്ടെന്ന് വിലയിരുത്താനാണ്. അതിനാൽ ആഘോഷങ്ങൾക്ക് പോലും നല്ല വസ്ത്രങ്ങളെടുക്കാതെയും പലപ്പോഴും നല്ല ഭക്ഷണം കഴിക്കാതെയുമൊക്കെ ഭാവിയിലെ ജീവിതത്തിന് വേണ്ടി പ്രവാസികൾ ഒരുങ്ങുന്ന അതേ രീതിയിൽ തന്നെ ഈ ലോകത്തെ പല സുഖങ്ങളും ത്യജിച്ചുകൊണ്ട് പാരത്രിക മോക്ഷത്തിന് വേണ്ടി നമ്മൾ ഒരുങ്ങേണ്ടതുണ്ട്.
പ്രവാചക അനുചരന്മാരെല്ലാം പരസ്പരം കണ്ടുമിട്ടിയാൽ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സംസാരത്തിന് ശേഷം മാത്രമേ പിരിയാറുണ്ടായിരുന്നുള്ളൂ. ഈ ലോകത്തുള്ള സകല ഓഫറുകളിലും നൂറു ശതമാനം വിശ്വസിക്കുന്ന നമ്മൾ പലപ്പോഴും ശാശ്വത ജീവിതത്തിലുള്ള ഓഫറുകളെക്കുറിച്ച് സംശയാലുക്കളാണ്. അതിനാൽ നമ്മൾ വിശ്വാസം എപ്പോഴും പുതുക്കിക്കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഉണർത്തി.
ഒരാൾ ആരാധനക്ക് വേണ്ടി സമയം മാറ്റിവെച്ചാൽ പടച്ചവൻ അവന്റെ ചിന്നിച്ചിതറിക്കിടക്കുന്ന ജീവിതോപാതികളെ ഒരുമിച്ചു കൂട്ടുകയും സമാധാനം നൽകുകയും ചെയ്യും. എന്നാൽ ഈ ലോകം മാത്രം ലക്ഷ്യമാക്കി ആരാധനകളിൽ അമാന്തം കാണിക്കുന്നവന്റെ മുന്നിൽ ഉപജീവനമാർഗങ്ങൾ ചിന്നിച്ചിതറുകയും ചെയ്യുന്ന അദ്വാനത്തിന് ഫലം കാണാതിരിക്കുകയും ചെയ്യും. ‘മോക്ഷം’ എങ്ങനെ ലഭിക്കുമെന്ന ഒരനുയായിയുടെ ചോദ്യത്തിന് പ്രവാചകൻ കൊടുത്ത ഒന്നാമത്തെ ഉപദേശം നാവിനെ നിയന്ത്രിക്കണമെന്നായിരുന്നു.
നാവുകൊണ്ട് മറ്റുള്ളവരെ ദ്രോഹിച്ചതിന്റെ ഫലമായി പരലോകത്ത് എത്തിയിട്ട് സ്വന്തം കർമ്മങ്ങളെല്ലാം ഉപദ്രവിക്കപ്പെട്ടവർക്ക് വീതിച്ചു നൽകേണ്ടി വന്നവനാണ് യഥാർത്ഥ ‘പാപ്പരായ മനുഷ്യൻ’ എന്ന പ്രവാചകവചനവും അദ്ദേഹം എടുത്തുപറഞ്ഞു. ശിഹാബ് സലഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിക്കുകയും ഇസ്സുദ്ധീൻ സ്വലാഹി നന്ദിയറിയിക്കുകയും ചെയ്തു.