ജിസാൻ: ജിസാനിലെ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശി വാഹിദ് വട്ടോളിയുടെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ‘വാഹിദിനൊരു കൈത്താങ്ങ്’ എന്ന സന്ദേശവമായി ജിസാനിലെ പ്രവാസി മലയാളി സമൂഹം കൈകോർക്കുന്നു. രണ്ടു വർഷത്തിലധികമായി ഗുരുതരമായ വൃക്കരോഗം ബാധിച്ച് ഇരു വൃക്കകളും പ്രവർത്തനരഹിതമായി നാട്ടിൽ ചികിത്സയിൽ കഴിയുന്ന വാഹിദ് ആഴ്ചയിൽ മൂന്നു തവണ നടത്തുന്ന ഡയാലിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ വൃക്കരോഗം മൂർച്ഛിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തിന് ഡോക്ടറന്മാർ അടിയന്തരമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കു വരുന്ന ഭാരിച്ച ചികിത്സാചെലവ് വഹിക്കാൻ സാമ്പത്തികപരാധീനതയും കടബാധ്യതയും നേരിടുന്ന കുടുംബത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാട്ടിൽ നിന്ന് വാഹിദിൻറെ ദയനീയ അവസ്ഥയറിഞ്ഞ സുഹൃത്തുക്കൾ മുൻകൈയെടുത്ത് ചികിത്സാ സഹായമെത്തിക്കാൻ ജിസാനിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ചേർന്ന് “വാഹിദ് വട്ടോളി ചികിത്സാ സഹായ സമിതി” എന്ന പേരിൽ വിപുലമായ സംയുക്ത കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. കെ.എം.സി.സി, ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല), ഒ.ഐ.സി.സി, ഐസിഎഫ്, തനിമ സാംസ്കാരിക വേദി, ഇന്ത്യൻ ഇസ്ലാഹി സെൻറർ, സമസ്ത ഇസ്ലാമിക് സെൻറർ എന്നി പ്രവാസി സംഘടനകളും വിവിധ സാമൂഹിക പ്രവർത്തകരും ഉൾപ്പെട്ട സംയുക്ത കൂട്ടായ്മയാണ് ചികിത്സാ സഹായനിധി സ്വരൂപിക്കാനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹാരിസ് കല്ലായി (ചെയർമാൻ), താഹ കൊല്ലേത്ത്, സിറാജ് കുട്ട്യാടി, മുഹമ്മദ് ഇസ്മായിൽ മാനു, സതീഷ് കുമാർ നീലാംബരി, ഡോ. മൻസൂർ നാലകത്ത്, ജെയ്സൺ (വൈസ് ചെയർമാൻമാർ), വെന്നിയൂർ ദേവൻ (ജനറൽ കൺവീനർ), ടി.കെ.സാദിഖ് മങ്കട, സുബീർ പരപ്പൻപോയിൽ, മുഹമ്മദ് സാലിഹ് കാസർഗോഡ്,റിയാസ് മട്ടന്നൂർ,ഖാലിദ് പട് ല, ഷമീർ അമ്പലപ്പാറ, ഷാഹിൻ കെവിടൻ (ജോ. കൺവീനർമാർ), നാസർ ചേലേമ്പ്ര (ട്രഷറർ), ജസ്മൽ വളമംഗലം (ജോ. ട്രഷറർ) എന്നിവരാണ് സമിതിയുടെ ഭാരവാഹികൾ. ജിസാൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ജിസാൻ സിറ്റി, അബുഅരീഷ്, സാംത, സബിയ,ബെയിഷ് എന്നിവിടങ്ങളിൽ പ്രവർത്തക യോഗം ചേർന്ന് ഏരിയ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. രോഗംമൂലം ജീവിതം പ്രതിസന്ധിയിലായ വാഹിദിൻറെ കുടുംബത്തിന് കൈത്താങ്ങേകാനും വാഹിദിൻറെ ജീവൻ രക്ഷിക്കാനുമുള്ള ഈ കൂട്ടായ ഉദ്യമത്തിൽ ജിസാനിലെ മുഴുവൻ പ്രവാസി മലയാളികളുടെയും സഹകരണവും പങ്കാളിത്തവും സമിതി ഭാരവാഹികളായ ഹാരിസ് കല്ലായി, വെന്നിയൂർ ദേവൻ, നാസർ ചേലേമ്പ്ര എന്നിവർ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group