മക്ക: ഹജ് സീസണില്‍ കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ആശ്വാസമായി ജംറയുടെ കിഴക്കു ഭാഗത്തെ മുറ്റങ്ങള്‍ തണുപ്പിക്കാനായി പുതുതായി 200 മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിച്ചു. ശക്തമായ പ്രൊപ്പല്‍ഷന്‍ പവറുള്ള ഈ ഫാനുകളില്‍ താപനില കുറക്കുന്നതിന് പുറത്തെ വായുവില്‍ നിന്നുള്ള താപോര്‍ജം ആഗിരണം ചെയ്യുന്ന മിസ്റ്റ് എയര്‍ കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ജംറ കോംപ്ലക്സില്‍ തുറസ്സായ സ്ഥലങ്ങളില്‍ വായു തണുപ്പിക്കാന്‍ മിസ്റ്റ് ഫാനുകള്‍ക്കു പുറമെ വാട്ടര്‍ മിസ്റ്റ് തൂണുകളും ഉപയോഗിക്കുന്നു. ഉയര്‍ന്ന മര്‍ദത്തിലുള്ള പമ്പ് ഉപയോഗിച്ച് വെള്ളം ഒരു മൈക്രോണ്‍ മുതല്‍ രണ്ടു മൈക്രോണ്‍ വരെ വലിപ്പമുള്ള ചെറിയ നോസിലുകള്‍ അടങ്ങിയ പ്രത്യേക ഉയര്‍ന്ന മര്‍ദമുള്ള പൈപ്പുകളിലേക്ക് പമ്പ് ചെയ്യുന്നു. അവയില്‍ നിന്ന് തണുത്ത മൂടല്‍മഞ്ഞിന്റെ (ആയിരക്കണക്കിന് തണുത്ത വെള്ളത്തിന്റെ കണികകള്‍) രൂപത്തില്‍ വെള്ളം പുറത്തുവരുന്നു. ഇത് പുറം വായുവിലെ താപ ഊര്‍ജം ആഗിരണം ചെയ്ത് പ്രദേശത്ത് താപനില കുറക്കുകയാണ് ചെയ്യുക.
ചെലവേറിയതും ധാരാളം വൈദ്യുതി ഉപയോഗിക്കുന്നതുമായ കംപ്രഷന്‍ കൂളിംഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് മിസ്റ്റിംഗ് ഫാനുകള്‍ ഔട്ട്ഡോര്‍ എയര്‍ കണ്ടീഷനിംഗിന് കൂടുതല്‍ അനുയോജ്യവും അഭികാമ്യവുമാണ്. മിസ്റ്റിംഗ് ഫാനുകള്‍ പുറത്തെ വായുവിന്റെ താപനില കുറക്കാന്‍ സഹായിക്കുമെന്ന് ഫലങ്ങള്‍ കാണിക്കുന്നു. മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിച്ചതിനു പുറമെ, ഈ വര്‍ഷത്തെ ഹജ് സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, സൗദി അറേബ്യ ജംറ കോംപ്ലക്സില്‍ ഒരുകൂട്ടം നവീകരണ, വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കാര്യക്ഷമമായ വൈദ്യുതി വിതരണം ഉറപ്പാക്കാനായി ജംറ കോംപ്ലക്സിലെ പവര്‍ സ്റ്റേഷനുകള്‍ മാറ്റിസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യല്‍, ബേസ്മെന്റ് ടോയ്ലെറ്റുകള് നിര്‍മിക്കല്‍, തീര്‍ഥാടകരില്‍ അവബോധം വളര്‍ത്താനായി മിനയെയും ജംറ കോംപ്ലക്സിനെയും ബന്ധിപ്പിക്കുന്ന പാതകളുടെയും തുരങ്കങ്ങളുടെയും പ്രവേശന കവാടങ്ങളില്‍ മാര്‍ഗനിര്‍ദേശ സ്ക്രീനുകള്‍ സ്ഥാപിക്കല്‍, ജംറ കോംപ്ലക്സിനും തമ്പുകള്‍ക്കുമിടയില്‍ തീര്‍ഥാടകരുടെ ചലനം സുഗമമാക്കാന്‍ തമ്പുകളിലേക്കുള്ള പാതകളെ പരസ്പരം ബന്ധിപ്പിക്കല്‍ എന്നിവ അടക്കമള്ള പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ട നിയന്ത്രണ സൗകര്യങ്ങളില്‍ ഒന്നാണ് ജംറ കോംപ്ലക്സ്. തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചക്കനുസരിച്ച് ഭാവിയില്‍ വിപുലീകരണം സാധ്യമാക്കുന്ന തരത്തിലുള്ള വാസ്തുവിദ്യാ രൂപകല്പനയാണ് ഇതിന്റെ സവിശേഷത. ഭാവിയില്‍ 12 നിലകള്‍ വരെ താങ്ങാന്‍ ശേഷിയുള്ള എന്‍ജിനീയറിംഗ് അടിത്തറകളോടെ നിര്‍മിച്ച ജംറ കോംപ്ലക്സില്‍ നിലവില്‍ 12 മീറ്റര്‍ ഉയരമുള്ള അഞ്ച് നിലകളാണുള്ളത്. ജംറ കോംപ്ലക്സ് 950 മീറ്റര്‍ നീളത്തിലും 80 മീറ്റര്‍ വീതിയിലും 2,00,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലും വ്യാപിച്ചുകിടക്കുന്നു. മണിക്കൂറില്‍ പരമാവധി 3,00,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും.
ജംറ കോംപ്ലക്സിന് നാലു ദിശകളിലായി 11 പ്രധാന പ്രവേശന കവാടങ്ങളും 12 എക്സിറ്റുകളുമുണ്ട്. ഇത് ജനസാന്ദ്രത വിതരണം ചെയ്യാനും തിരക്കേറിയ മീറ്റിംഗ് പോയിന്റുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനും സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷത്തില്‍ ഹജിന്റെ സുപ്രധാന ചടങ്ങായ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് ജംറ കോംപ്ലക്സില്‍ വാര്‍ഷിക നവീകരണ ജോലികള്‍, അറ്റകുറ്റപ്പണികള്‍, സാങ്കേതിക മെച്ചപ്പെടുത്തലുകള്‍ എന്നിവ നടപ്പാക്കുന്നുണ്ടെന്ന് പുണ്യസ്ഥലങ്ങളുടെ പ്രധാന ഡെവലപ്പറായ, മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുക, തിരക്ക് കുറക്കുക, ഗതാഗത അന്തരീക്ഷം മെച്ചപ്പെടുത്തുക, നിര്‍മാണ, സാങ്കേതിക ഇടപെടലുകളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത ദര്‍ശനത്തില്‍ നിന്നാണ് ജംറ കോംപ്ലക്സില്‍ തങ്ങള്‍ പങ്ക് വഹിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു. വൈദ്യുതി, തുരങ്കങ്ങള്‍, ഗോവണിപ്പടികള്‍, നിരീക്ഷണ ശൃംഖലകള്‍, വെന്റിലേഷന്, തണുപ്പിക്കല്‍ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ജംറ കോംപ്ലക്സിന്റെ അനുബന്ധ സംവിധാനങ്ങളും സൗകര്യങ്ങളും ഹജ് ദിവസങ്ങളില്‍് 24 മണിക്കൂറും പരിപാലിക്കുകും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
വാസ്തുവിദ്യാ രൂപകല്പനക്കു പുറമെ ലൈറ്റിംഗ്, വെന്റിലേഷന്, ലിഫ്റ്റുകള്‍, ഗോവണിപ്പടികള്‍ എന്നിവ നിയന്ത്രിക്കുന്ന ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റം, വിവിധ സൗകര്യങ്ങളിലും ഇന്‍സ്റ്റാളേഷനുകളിലും ഉടനീളമുള്ള പ്രവര്‍ത്തന പ്രക്രിയകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്കാഡ സിസ്റ്റം എന്നിവ അടക്കം എല്ലാ സേവന, നാവിഗേഷന്‍ യൂനിറ്റുകളുടെയും തത്സമയ പ്രകടന നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കുന്ന സ്മാര്‍ട്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ജംറ കോംപ്ലക്സില്‍ ആശ്രയിക്കുന്നു. തീര്‍ഥാടകരുടെ എണ്ണം കണക്കാക്കാനും തീര്‍ഥാടകരുടെ വ്യവസ്ഥാപിതമായ ഒഴുക്ക് ഉറപ്പാക്കാനും ആവശ്യമുള്ളപ്പോള്‍ അടിയന്തര പദ്ധതികള്‍ സജീവമാക്കാനും സഹായിക്കുന്ന ഇലക്ട്രോണിക് കൗണ്ടിംഗ് സിസ്റ്റത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന 900 ലേറെ നിരീക്ഷണ ക്യാമറകളും ജംറയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ സിസ്റ്റം നൂതനവും കേന്ദ്രീകൃതമായി കൈകാര്യം ചെയ്യപ്പെടുന്നതുമായ അലാറം, സംരക്ഷണം, സുരക്ഷാ സംവിധാനങ്ങളുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നു.
സുഗമമായ ജനപ്രവാഹവും വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കുന്ന, അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ശൃംഖലയുമായി ജംറയെ ബന്ധിപ്പിച്ചിരിക്കുന്നു. ജംറയെ മക്കയുമായി നേരിട്ട് ബന്ധിപ്പിച്ച് കാറുകള്‍ക്കും ബസുകള്‍ക്കുമായി നാലു തുരങ്കങ്ങളുണ്ട്. 12 നിലകളുള്ള ആറ് സര്‍വീസ് കെട്ടിടങ്ങള്‍ തീര്‍ഥാടകര്‍ക്കും ഓപ്പറേഷനല്‍ സ്റ്റാഫുകള്‍ക്കും സേവനം നല്കുന്നു. വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ബാക്കപ്പ് ജനറേറ്ററുകളുടെ പിന്തുണയോടെ മൂന്ന് പവര്‍ സ്റ്റേഷനുകള്‍, 11 എസ്കലേറ്റര്‍ കെട്ടിടങ്ങള്‍ എന്നിവയും ജംറയിലുണ്ട്. 11 എസ്കലേറ്റര്‍ കെട്ടിടങ്ങളില്‍ ആകെ 328 എസ്കലേറ്ററുകളുണ്ട്. ഇത് എല്ലായ്പ്പോഴും വഴക്കമുള്ളതും വേഗത്തിലുള്ളതുമായ ലംബ ചലനം നല്കുന്നു.
കല്ലെറിയല്‍ പൂര്‍ത്തിയായ ശേഷം കല്ലുകള്‍ ശേഖരിക്കാനുള്ള നൂതന സംവിധാനവും ഇവിടെയുണ്ട്. കല്ലെറിയല്‍ പൂര്‍ത്തിയായ ശേഷം, മൂന്ന് ജംറകള്‍ക്കും താഴെയുള്ള താഴത്തെ തടങ്ങളില്‍ കല്ലുകള്‍ യാന്ത്രികമായി ശേഖരിക്കപ്പെടും. അവിടെ നിന്ന് അവ പ്രത്യേക ഓട്ടോമേറ്റഡ് കണ്‍വെയറുകള്‍ വഴി നീക്കം ചെയ്യും. പിന്നീട് അവ മുസ്ദലിഫ പ്രദേശത്തേക്ക് തിരിച്ചെത്തിക്കും. ഈ പ്രക്രിയയുടെ ഏകോപനം, നിരീക്ഷണം, സുഗമമായ നടത്തിപ്പ് എന്നിവ ഉറപ്പാക്കുന്നതിലും സ്ഥലത്തിന്റെ പരിസ്ഥിതിയും ശുചിത്വവും സംരക്ഷിക്കുന്നതിലും കിദാന ഡെവലപ്മെന്റ് കമ്പനി നേരിട്ട് പങ്കുവഹിക്കുന്നു.
തിക്കും തിരക്കും കാരണം കല്ലെറിയല്‍ ഏറ്റവും ശ്രമകരമായ കര്‍മങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്‍ജിനീയറിംഗ് ആസൂത്രണം, സ്മാര്‍ട്ട് പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായ വികസനം എന്നിവയുടെ ഫലമായി ഇന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഒരു മാതൃകാ പദ്ധതിയായി ജംറ കോംപ്ലക്സ് മാറിയിരിക്കുന്നു. സമകാലിക ഹജ് അനുഭവത്തിലെ ഒരു നാഴികക്കല്ലായി ഇത് മാറിയിരിക്കുന്നു. ഹജ് കര്‍മത്തിന്റെ ആധികാരികത, പ്രൊഫഷണല്‍ സംഘാടനരീതി, കര്‍മങ്ങള്‍ സുഗമമാക്കാനും തീര്‍ഥാടകര്‍ക്ക് പരമാവധി പരിചരണം നല്‍കാനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത എന്നിവ ഇത് സംയോജിപ്പിക്കുന്നു.