ലിസ്ബൺ: ദേശീയ ടീം ജഴ്സിയിൽ ഏറ്റവുമധികം വിജയം എന്ന ഗിന്നസ് ലോക റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയ മത്സരത്തിൽ ഡെൻമാർക്കിനെ തകർത്തു തരിപ്പണമാക്കി പോർച്ചുഗൽ യുവേഫ നാഷൻസ് ലീഗ് സെമിഫൈനലിൽ. ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റിരുന്ന പറങ്കിപ്പട രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് സ്വന്തം ഗ്രൗണ്ടിൽ ജയിച്ചാണ് അവസാന എട്ടിൽ ഇടം പിടിച്ചത്. ചരിത്രമത്സരം ക്രിസ്റ്റ്യാനോ ഗോൾ നേട്ടവുമായി ആഘോഷിച്ചപ്പോൾ ഫ്രാൻസിസ്കോ ട്രിങ്കാവോയുടെ ഇരട്ട ഗോളുകളും ഗോൺസാലോ റാമോസിന്റെ ഗോളും പോർച്ചുഗലിന് ജയമൊരുക്കി.
മറ്റു മത്സരങ്ങളിൽ ഷൂട്ടൗട്ടുകളിൽ നെതർലാന്റ്സിനെ കീഴടക്കി സ്പെയിനും ക്രൊയേഷ്യയെ മറികടന്ന് ഫ്രാൻസും ഇറ്റലിയെ തോൽപ്പിച്ച് ജർമനിയും സെമിയിലേക്ക് മുന്നേറി. ജൂൺ അഞ്ചിന് നടക്കുന്ന സെമിയിൽ ജർമനി പോർച്ചുഗലിനെയും സ്പെയിൻ ഫ്രാൻസിനെയും നേരിടും.
അഞ്ചാം മിനുട്ടിൽ തന്നെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ക്രിസ്റ്റ്യാനോ പാഴാക്കിയെങ്കിലും 38-ാം മിനുട്ടിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർച്ചുഗൽ മുന്നിലെത്തി. കോർണർ കിക്കിൽ ക്രിസ്റ്റ്യാനോയെ തടയാനുള്ള ശ്രമത്തിലാണ് ഡെൻമാർക്ക് താരം സ്വന്തം വലയിൽ പന്തെത്തിച്ചത്.
56-ാം മിനുട്ടിൽ റാമസ്മസ് ക്രിസ്റ്റ്യൻസൻ ഡെൻമാർക്കിനെ ഒപ്പമെത്തിച്ചു. എന്നാൽ, 72-ാം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ ക്രിസ്റ്റിയാനോ ലീഡ് തിരിച്ചെടുത്തു. ബ്രൂണോ ഫെർണാണ്ടസിന്റെ ലോങ് റേഞ്ചർ ഡെൻമാർക്കിന്റെ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ശരംപോലെ കുതിച്ചെത്തിയ ക്രിസ്റ്റിയാനോ പന്ത് വലയിലാക്കുകയായിരുന്നു.
തന്റെ സ്വതസിദ്ധമായ ‘സിയൂ’ രീതിയിലാണ് ഇതിഹാസതാരം ഈ ഗോൾ നേട്ടം ആഘോഷിച്ചത്. ആദ്യപാദത്തിൽ ഡെൻമാർക്കിന്റെ ഗോൾ നേടിയ റാസ്മസ് ഹോയ്ലന്റ് നടത്തിയ സിയൂ ആഘോഷം ഫുട്ബോൾ ലോകത്ത് ചർച്ചയായപ്പോൾ, രണ്ടാം പാദത്തിൽ താനും ഇങ്ങനെ ആഘോഷിക്കുമെന്ന് ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു. നിർണായക ഗോളോടോ വാക്കുപാലിക്കാൻ താരത്തിന് കഴിഞ്ഞു.
76-ാം മിനുട്ടിൽ ക്രിസ്റ്റിയൻ എറിക്സൺ ഡെന്മാർക്കിനെ വീണ്ടും ഒപ്പമെത്തിച്ചു. ആദ്യപാദത്തിൽ നേടിയ വിജയത്തിന്റെ ബലത്തിൽ ഡെൻമാർക്ക് മുന്നേറുമെന്ന് തോന്നിച്ച ഘട്ടത്തിൽ 86-ാം മിനുട്ടിൽ ട്രിങ്കാവോ പോർച്ചുഗലിന് വിജയഗോൾ സമ്മാനിച്ചു. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീങ്ങി.
എക്സ്ട്രാ ടൈം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രിങ്കാവോ പോർച്ചുഗലിന്റെ ലീഡുയർത്തി. 115-ാം മിനുട്ടിൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ഗോൺസാലോ റാമോസ് പട്ടിക പൂർത്തിയാക്കുകയും ചെയ്തു.