പി.എ അബ്ദുറഹ്മാന്‍ (ഷിഫ ജിദ്ദ മെഡിക്കല്‍ സെന്റര്‍)
– ഇതെന്റെ രണ്ടാമത്തെ വോട്ടാണ്. മലപ്പുറം കോടൂര്‍ യു.പി. സ്‌കൂളില്‍, നാല്‍പത് വര്‍ഷം മുമ്പ് ഞാന്‍ പഠിച്ചിറങ്ങിയ അതേ സ്‌കൂള്‍ വരാന്തയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ബഹളങ്ങളെക്കാളേറെ എന്റെ മനസ്സ് പ്രൈമറി സ്‌കൂള്‍ കാലത്തിന്റെ രസകരമായ കുതൂഹലങ്ങളിലേക്കും നൊസ്റ്റാള്‍ജിയയിലേക്കും പറന്നു പോവുകയായിരുന്നു. കളിമുറ്റവും ക്ലാസ് മുറികളുമെല്ലാം അത് പോലെ. കളിച്ച് തിമിര്‍ത്ത സ്‌കൂള്‍ ഓര്‍മകളില്‍ മനസ്സ് നിറഞ്ഞു. സ്‌കൂളിന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. സൗകര്യങ്ങള്‍ വേണ്ടത്ര വര്‍ധിച്ചിട്ടില്ല. ഇതൊക്കെ പി്ന്നീട്, പരിചയമുള്ള അധ്യാപകരോട് പറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തി പായ്ക്ക് ചെയ്ത് നേരെ എയര്‍പോര്‍ട്ടിലേക്ക്.. കേവലം മുപ്പത് മണിക്കൂര്‍ മാത്രം ജ•-ദേശത്ത്.
വോട്ടവകാശം വിനിയോഗിക്കാനായി മാത്രം നാട്ടില്‍ പോയി ശനിയാഴ്ച കാലത്ത് തന്നെ തിരിച്ചെത്തിയ ഷിഫ ജിദ്ദ മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ പി.എ അബ്ദുറഹ്മാന്‍ (ഫായിദ) ദ മലയാളം ന്യൂസിനോട് പറഞ്ഞു. എല്ലാ പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കുമെന്ന് കാലാകാലങ്ങളിലായി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഇന്നും സഫലമാകാത്ത സ്വപ്‌നമായി ഇത് അവശേഷിക്കുന്നു. മറ്റ് വിദേശരാജ്യങ്ങളെ കണ്ടു പഠിക്കുകയാണ് വേണ്ടത്. അതാത് എംബസികളും കോണ്‍സുലേറ്റുകളും വഴി വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യങ്ങളാണ് സൗദിയിലും മറ്റു ഗള്‍ഫ് നാടുകൡും അവരുടെ നയതന്ത്രകാര്യാലയങ്ങള്‍ ചെയ്ത് കൊടുക്കുന്നത്. ഇത് പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ പ്രായോഗികമാക്കാത്തതെന്താണെന്ന കാര്യം രാഷ്ട്രീയനേതാക്കളും അവരുടെ ഗള്‍ഫ് പോഷകസംഘടനകളും ഗൗരവമായി ആലോചിക്കേണ്ടതാണ്.
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായ ഞാന്‍, സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറുമായി ഏറെക്കാലത്തെ അടുപ്പമുള്ള ഒരാളെന്ന നിലയ്ക്ക് നിശ്ചയമായും അദ്ദേഹത്തിന്റെ വിജയം ആഗ്രഹിക്കുന്നു- അബ്ദുറഹ്മാന്‍ പറഞ്ഞു.
ക്യാമറകള്‍ കവര്‍ന്നെടുക്കാത്ത കാഴ്ചകള്‍
റസിയ പയ്യോളി
കൊടുംചൂടിന്റെ എരിപൊരി സഞ്ചാരത്തിനിടയിലും എല്ലാ പ്രതിസന്ധികളേയും തട്ടിമാറ്റി പോളിങ് ബൂത്തിലേക്കുള്ള വോട്ടര്‍മാരുടെ ഓട്ടം രസകരമായ കാഴ്ചയായിരുന്നു. മുന്‍കാലങ്ങളില്‍ എന്നത് പോലെ ഇപ്രാവശ്യവും ഏറെ മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. കൗതുകകരമായ ചില കാഴ്ച്ചകള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഏറെ നേരം നോക്കി നിന്നു പോയി.
അതാകട്ടെ, ചില ബോധ്യപ്പെടുത്തലുകളായിരുന്നു അതിന്റെ ഉള്ളടക്കങ്ങളൊക്കെയും സാധാരണ അഞ്ചു മണിക്ക്ി അവസാനിക്കുന്ന വോട്ടിങ് സമയം രാത്രിയിലേക്ക് വരെ നീണ്ടു പോയപ്പോള്‍ വോട്ടര്‍മാര്‍
എടുത്ത റിസ്‌ക്കും അതിനോട് അധികൃതര്‍ സഹകരിച്ചതും എടുത്ത് പറയാതെ വയ്യ. കാരണം സമയപരിധി കഴിഞ്ഞ് വോട്ട് ചെയ്യാന്‍ കഴിയാതെ നിരാശപ്പെട്ട്തിരിച്ച് പോയ എത്രയോ പേരെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടതാണ്. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ആവേശതിരമാലകളെ അതില്‍ വ്യക്തമാക്കി തരുന്ന ബോധ്യങ്ങളെ ഒപ്പിയെടുത്ത ചിത്രങ്ങള്‍ സമൂഹത്തോട് അടിവരയിട്ട് ചിലത് പറയുന്നുണ്ട്.
പത്ത്മണിക്കൂറിലും അതിനപ്പുറവും സമയം വോട്ടു കേന്ദ്രത്തില്‍ നില്‍ക്കേണ്ടി വന്നവരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവര്‍/ ആയിരത്തിഅഞ്ഞൂറ് അടിയോളം ഉയരത്തിലെ വനമേഖലയില്‍ മാവോവാദികളുടെയും വന്യമൃഗങ്ങളുടെയും ശല്യം നേരിട്ട കോഴിക്കോട് പാലൂരില്‍ 82 ശതമാനം പോളിങ് നടന്ന കോഴിക്കോട്ടെ പാലൂര്‍. മഷിയടയാളം മായാതെ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നായപ്പോള്‍ വോട്ട് ചെയ്യാനായ് വാശിപിടിച്ചവര്‍.
ദീര്‍ഘ നേരത്തെ കാത്ത് നില്‍പ്പിനിടയില്‍ ക്യൂവില്‍ കുഴഞ്ഞ് വീണ് ജീവന്‍ നഷ്ടപ്പെട്ടവര്‍. നഗരസഭാ പ്രദേശത്തെ കോട്ടക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ സ്‌ക്കൂളിലൊരുക്കിയ ബൂത്തിലെത്താന്‍
താണ്ടി കയറി പോവേണ്ട പടവുകളുടെ വീഡിയൊ ദൃശ്യങ്ങളൊക്കെയും കാണുമ്പോള്‍ ശരിയ്ക്കും അമ്പരപ്പിക്കും വയ്യാത്ത ഒരു വോട്ടറെ ബൂത്തിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്ര പ്രയാസപ്പെട്ടിരിക്കും എന്ന്..
ആ വിഷ്വല്‍സൊക്കെ നമുക്ക് പറഞ്ഞ് തരുന്നു. ക്യാമറക്കണ്ണുകളെ എത്രയെത്ര സംഭവങ്ങള്‍! ഇതിന്റെയൊക്കെ പിന്നിലെ അവരുടെയൊക്കെ ജനാധിപത്യ ബോധത്തെയാണ് പൊതു സമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യേണ്ടത്. മനുഷ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അതിന്റെ മഹത്വം അവന് അവന്റെ രാജ്യത്തോടുള്ള സ്‌നേഹവും കൂറും എത്ര മാത്രമാണെന്ന്
വ്യക്തമാക്കി തരുന്നുണ്ട്. മുഷിച്ചിലില്ലാതെ വോട്ട് ചെയ്യാനുള്ള അവരുടെ കാത്തിരിപ്പുകള്‍ക്കിടയില്‍, ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് തുള്ളികളെ കുടഞ്ഞെറിയുമ്പോഴും മഷിപുരട്ടാന്‍ ചൂണ്ടുവിരല്‍ നോക്കിയിരിക്കുകയാണ്.
ഭാഗധേയം രേഖപ്പെടുത്തുമ്പോള്‍ തന്റെ പാര്‍ട്ടി തന്നെ ജയിച്ചു വരണമെന്ന പ്രത്യാശ മുഖത്ത് പൂര്‍ണാര്‍ത്ഥത്തില്‍ നിഴലിച്ച് കാണുമ്പോള്‍ പുറത്ത് പറയാതെ ഉള്ളില്‍ മാത്രം ഒളിപ്പിച്ച് വെച്ച രാഷ്ട്രീയ നിലപാടുകളെയും കാണാമായിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സമാധാനപരവും സുരക്ഷിതവുമായിരുന്നു ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പ് എന്ന ബോധ്യം രാജ്യത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കപ്പെടാനുള്ള മുന്നൊരുക്കമാണൊ? അങ്ങനെ പ്രത്യാശിക്കാം.
അമ്പത്തിരണ്ടാം വയസ്സിലെ കന്നി വോട്ട്
മുഹമ്മദ് റഫി കലൂര്‍, ജിദ്ദ
1991 – ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എനിക്ക് വയസ്സ് 18 . പക്ഷെ പാര്‍ലമെന്റിലേക്കുള്ള വോട്ടിങ്ങ് പ്രായം 21 ആയിരുന്ന അക്കാലത്ത് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ 1993 ല്‍ ആരംഭിച്ച പ്രവാസകാലത്ത് ഒരിക്കല്‍ പോലും വോട്ട് ചെയ്യാനുള്ള സാഹചര്യമോ ആവേശമോ ഉണ്ടായിരുന്നില്ല. അന്‍പത്തിരണ്ടാം വയസ്സില്‍ ചെയ്ത ഈ കന്നിവോട്ട് ശരിക്കും വിലയേറിയതാണ്. ‘വിലയേറിയ ഓരോ വോട്ടും’ എന്ന് പ്രചാരണവാഹനങ്ങളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ഇത്രനാളും അതൊരു ക്‌ളീഷേ രാഷ്ട്രീയ വാചകമായിട്ടേ തോന്നിയിരുന്നുള്ളു.. ഒരുപക്ഷെ ഏറ്റവും വിലയേറിയ ഒരു വോട്ടാവാം ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. സമ്മതിദാനം രേഖപ്പെടുത്താന്‍ അവകാശമില്ലാത്ത ഉത്തര കൊറിയയിലെ ജനങ്ങളെപ്പോലെ, ചൈനയിലെയും റഷ്യയിലെയും ജനങ്ങളെപ്പോലെ നമ്മളും ഗതികേട്ട ജനതയായി മാറുന്നതിനു മുന്‍പ്..
ഒരവകാശവുമില്ലാത്ത രണ്ടാംതരം പൗരന്‍മാരായി മാറ്റപ്പെടുന്നതിനു മുന്‍പ്..
ഒരവസരം കൂടിയെന്ന് തോന്നുന്നു. അത് വിനിയോഗിച്ച ചാരിതാര്‍ഥ്യം. എറണാകുളം മണ്ഡലം, പ്രബുദ്ധമണ്ഡലം. മതത്തിന്റെ പേരില്‍ പരസ്പരം മാറ്റിനിര്‍ത്തപ്പെടാതിരിക്കാന്‍, വര്‍ഗീയതക്കെതിരെ എന്റെ വോട്ട് രേഖപ്പെടുത്തി.