ജിദ്ദ- കണ്ണൂര്‍ ജില്ലയിലെ ആറളത്ത് ജനിച്ചുവളര്‍ന്ന് സി.പി.ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്കുയര്‍ന്ന ആനിരാജയുടെ വ്യക്തിപ്രഭാവം അത്രപെട്ടെന്ന് എഴുതിത്തള്ളാനാവില്ലെന്നും അധ:സ്ഥിതര്‍ക്കും പീഡിതരായ മഹിളകള്‍ക്കും വേണ്ടിയുള്ള അവരുടെ ഐതിഹാസികമായ പോരാട്ടം രാജ്യത്തിന്റെ സമരചരിത്രത്തില്‍ നിന്ന് മായ്ക്കാനാവില്ലെന്നും ജിദ്ദയിലെ ന്യൂ ഏജ് ഇന്ത്യാ ഫോറം സാരഥി സത്താര്‍ ആറളം.
പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് മുമ്പ് നിയമസഭയിലേക്ക് മല്‍സരിച്ച ഇടത് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിനു ശേഷം ഇന്നോളം സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഇടത് മുന്നണിക്ക് വേണ്ടിയും പ്രത്യേകിച്ച് സി.പി.ഐ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും കഴിയുന്ന വിധത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആനി രാജയുടേയും കണ്ണൂരിലെ സഖാക്കളുടേയും അഭ്യര്‍ഥന മാനിച്ച് പ്രവാസലോകത്തെ വയനാട് മണ്ഡലക്കാരുടെ വോട്ട് പരമാവധി അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള ക്യാംപയിനില്‍ പങ്കാളിയായതിന്റെ അഭിമാനമുണ്ടെന്നും ഏറെക്കാലമായി ജിദ്ദയിലും ദമാമിലുമായി പ്രവാസിയായ സത്താര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി രണ്ടാമതും മല്‍സരിക്കാന്‍ വയനാട് തെരഞ്ഞെടുത്തതും പ്രചാരണത്തിന്റെ കുന്തമുന ഇടത്പക്ഷത്തിനും അതിന്റെ മുഖ്യമന്ത്രിക്കുമെതിരെ തിരിക്കുന്നതുമെല്ലാം ജനാധിപത്യത്തിന്റേയും ഇന്ത്യാമുന്നണിയുടേയും വിശാല താല്‍പര്യങ്ങളേയും പ്രഖ്യാപിതലക്ഷ്യങ്ങളേയും ഹനിക്കുന്നതാണ്. ഏതായാലും ഇത്തവണ ആനിരാജ നല്ല രീതിയിലുള്ള പ്രകടനമാണ് വയനാട്ടില്‍ കാഴ്ച വെക്കുന്നതെന്നാണ് അവിടെ നിന്നുള്ള സുഹൃത്തുക്കളും സഖാക്കളും അറിയിക്കുന്നത്. അത് കൊണ്ട് തന്നെ യു.ഡി.എഫുകാര്‍ പ്രതീക്ഷിക്കുന്ന ഈസി വോക്കോവര്‍ പ്രതീക്ഷിക്കേണ്ടതില്ല. മുസ്‌ലിം ലീഗുകാരോട് കൊടി ഒളിപ്പിക്കാന്‍ പറഞ്ഞതും അവര്‍ അതനുസരിച്ചതുമെല്ലാം പ്രബുദ്ധരായ വോട്ടര്‍മാര്‍ കാണുന്നുണ്ട്. ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് അത് കാണിക്കുന്നത് – സത്താര്‍ ചൂണ്ടിക്കാട്ടി.
ആനി രാജയുടെ സഹോദരനും സി.പി.ഐ നേതാവുമായ കെ.ടി ജോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ആര്‍. സന്തോഷ്‌കുമാര്‍, രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍, സംസ്ഥാന അസി. സെക്രട്ടറിയായിരുന്ന സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി തുടങ്ങിയവരുമായി എ.ഐ.വൈ.എഫ് കാലം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള സത്താര്‍, ജിദ്ദാ പ്രവാസി കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവുമാണ്.
ആനിരാജയുടെ വിജയത്തിനായി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നു കേരളത്തില്‍ ഇടത് തരംഗത്തിന്റെ സാധ്യതയാണ് കാണുന്നതെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോഡിയുടെ വര്‍ഗീയപ്രചാരണങ്ങളെ ചെറുക്കാനും ബി.ജെ.പിക്കെതിരായ ദേശീയ ബദലിനു ശക്തി പകരാനും കേരളത്തില്‍
ഇടത്പക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നും സത്താര്‍ ആറളം ചൂണ്ടിക്കാട്ടി.