കോഴിക്കോട്: ഇടത്-വലത് മുന്നണികള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും സി എ എ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ആരാണ് മുന്‍പന്തിയിലെന്നതില്‍ ഞങ്ങള്‍ ചില വിലയിരുത്തലുകളിലെത്തിയിട്ടുണ്ടെന്ന് സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി. കക്ഷി രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അണികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാറുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമുള്ള പ്രക്രിയ എന്നതിനപ്പുറം എല്ലാ സമയങ്ങളിലും ഈ കാര്യങ്ങളില്‍ സംഘടനക്കുള്ളില്‍ ചര്‍ച്ചകളും പഠനങ്ങളും നടക്കാറുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമമായി സംസ്ഥാനത്തെ പതിനൊന്ന് കേന്ദ്രങ്ങളില്‍ പ്ലാറ്റിയൂണ്‍ അസംബ്ലികള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ 18 വ്യാഴാഴ്ച്ച കാസര്‍കോഡും ഏപ്രില്‍ 19 വെള്ളിയാഴ്ച കണ്ണൂര്‍ ,കോഴിക്കോട് ,മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലും പ്ലാറ്റിയൂണ്‍ അസംബ്ലി നടക്കും. ഏപ്രില്‍ 20 ശനിയാഴ്ചയാണ് തിരുവനന്തപുരം, വയനാട്, തൃശൂര്‍ അസംബ്ലികള്‍. പ്ലാറ്റിയൂണ്‍ അസംബ്ലിയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് എസ് എഫ് എന്നീ സഹോദര സംഘടനാ ഘടകങ്ങളുടെ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും. എസ് വൈ എസിന്റെ എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസം വരെ മത,സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സേവന മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികള്‍ നടക്കും. 2024 ഡിസംബര്‍ 27,28,29 തിയ്യതികളിലായി തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തോടെ പ്ലാറ്റിനം ഇയറിന് സമാപനം കുറിക്കും. സയ്യിദ് ത്വാഹ സഖാഫിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.