വടക്കാഞ്ചേരിയിലും പൊന്നൂക്കരയിലുമാണ് സംഭവം. വടക്കാഞ്ചേരിയിൽ കൊല്ലപ്പെട്ടത് പ്രശസ്ത ഫോട്ടോഗ്രാഫർ.
തൃശൂർ: വടക്കാഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. വടക്കാഞ്ചേരി റെയിൽവെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂർ വീട്ടിൽ സേവ്യർ (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉത്രാളിപ്പൂരം നാളിൽ അർധരാത്രിയിലായിരുന്നു കത്തിക്കുത്ത്. ഗുരുതരമായി പരിക്കേറ്റ സേവ്യർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഇന്നാണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടർന്നാണ് വാക്കു തർക്കവും തുടർന്ന് കൊലപാതകവും ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറ് വശം താമസിക്കുന്ന സ്റ്റേഷൻ റൗഡിയായ അടാട്ട് വളപ്പിൽ വിഷ്ണു (32) എന്നയാളുടെ വീട്ടിലേക്ക് സേവ്യറും കൂട്ടുകാരനും ചെന്നപ്പോഴാണ് സംഭവം. സുഹൃത്തായ വടക്കഞ്ചേരി സ്വദേശി അനീഷിനോടൊപ്പമാണ് സേവ്യർ പോയത്. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിനെ ഇരുവരും പുറത്തേക്ക് വിളിച്ചു. വീടിന്റെ മുന്നിൽവച്ച് ഉന്തും തള്ളും ഉണ്ടായതായി പറയുന്നു. കയ്യേറ്റത്തിനിടയിൽ വിഷ്ണു ഇരുവരെയും കുത്തുകയായിരുന്നു.
സേവ്യറിനും അനീഷിനും നെഞ്ചിലും വയറിലും കുത്തേറ്റ് ഗുരുതര പരിക്കുപറ്റി. രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയിൽ ഇന്നു രാവിലെ സേവ്യർ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവുണ്ട്. സേവ്യർ ബിൽഡിംഗ് കോൺട്രാക്ടറും ഫോട്ടോഗ്രാഫറുമാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. അവിവാഹിതനാണ് സേവ്യർ. പ്രതി വിഷ്ണുവിനെ പോലീസ് അന്വേഷിച്ചു വരുന്നു. സ്ഥാപനങ്ങൾക്കും മറ്റും ക്യു.ആർ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു.
സുഹൃത്തിനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി
തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറയുന്നു.
15 വർഷം മുമ്പ് സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും അടിയായി. തുടർന്ന് സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തി.ഇന്നലെ വൈകീട്ട് പരിക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും ത്തിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. .