കോഴിക്കോട്: കേരളത്തിലെ പൗരാണിക മുസ്‌ലിം പള്ളികളുടെ ചരിത്രത്തിലൂടെയും പൈതൃകത്തിലൂടെയും സഞ്ചരിക്കുന്ന പള്ളി പുരാണം ഡോക്യുമെന്ററി പുറത്തിറങ്ങി. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോ റിയത്തിൽ നടന്ന ആദ്യ പ്രദർശനത്തിൽ നിരവധി പേർ പങ്കെടുത്തു. മാലിക് ദീനാറും സംഘവും സ്ഥാപിച്ച പത്തു പ ള്ളികൾ മുതൽ പഴമയുടെ പ്രൗഢി തുടിച്ചുനിൽക്കുന്നതും നവീകരിക്കപ്പെട്ടതുമായ എല്ലാ ചരിത്രപ്രധാന മസ്‌ജിദുകളിലൂടെ സഞ്ചരിക്കുന്ന ഡോക്യുമെന്ററി നിറഞ്ഞ കയ്യടികളോടെയാണ് ആസ്വാദകർ സ്വീകരിച്ചത്.
വാസ്തുശില്പകലയിലെ അനന്യമായ സവിശേഷതകൾ, മുസ്ലിം സാംസ്‌കാരിക സ്വത്വരൂപീകരണത്തിൽ പള്ളികൾ വഹിച്ച പങ്ക്, ലിഖിതങ്ങൾ, സയ്യിദ്സൂഫി സ്വാധീനങ്ങൾ, പള്ളി കേന്ദ്രീകൃത കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പുകൾ, ദർസ് സമ്പ്രദായം, പള്ളിക്കാടുകൾ, പള്ളി നവീകരണ പ്രവണതകൾ തുടങ്ങിയ വിവിധ മേഖലകളെ ഡോക്യുമെന്ററി സ്പർശിക്കുന്നുണ്ട്.
എം. നൗഷാദ് സംവിധാനം നിർവ്വഹിച്ച ചിത്രം ഫനാർ എഡ്യൂക്കേഷണൽ റിസർച്ച് ഫൗണ്ടേഷനാണ് നിർമിച്ചത്. തിര ക്കഥാകൃത്ത് കൂടിയായ ഹർഷദിൻ്റെ പ്രൊജക്റ്റ് ഡിസൈനിൽ മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുമായി സഹകരിച്ചാണ് ദൃശ്യസഞ്ചാരം പൂർത്തിയാക്കിയത്. ആദ്യ പ്രദർശന ചടങ്ങിൽ സംവിധായകൻ എം. നൗഷാദ്, പ്രൊജക്റ്റ് ഡിസൈനറും മലയാള സിനിമാ തിരക്കഥാകൃത്തായ ഹർഷദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാനവാസ് വടകര, മാപ്പിള ഹെരിറ്റേജ് ലൈബ്രറി സി.ഇ.ഒ സയ്യിദ് അശ്‌റഫ് തങ്ങൾ, അശ്‌റഫ് തൂണേരി, ഡോ. ടി മുജീബുർറഹ്‌മാൻ എന്നിവർ സംസാരിച്ചു.