ജിദ്ദ – കൈക്കൂലിയും വ്യാജരേഖാ നിര്‍മാണവും അധികാര ദുര്‍വിനിയോഗവും നടത്തിയ കേസില്‍ മുന്‍ പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബിയെ കോടതി ഇരുപതു വര്‍ഷം തടവിന് ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമുതല്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നിയമ ലംഘനങ്ങളും അധികാര ദുര്‍വിനിയോഗവും നടത്തിയ പൊതുസുരക്ഷാ വകുപ്പ് മേധാവിയുടെ സേവനം അവസാനിപ്പിക്കാനും ഇദ്ദേഹത്തിന് നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കാനും നിയമ ലംഘനങ്ങളില്‍ അന്വേഷണം നടത്താനും മൂന്നു വര്‍ഷം മുമ്പ് ഹിജ്‌റ 1443 മുഹറം 30 ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അന്വേഷണം നടത്തി ലെഫ്. ജനറല്‍ ഖാലിദ് അല്‍ഹര്‍ബിക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറി. കൈക്കൂലി, വ്യാജരേഖാ നിര്‍മാണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ലെഫ്. ജനറല്‍ ഖാലിദ് അല്‍ഹര്‍ബിയെ കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് പത്തു ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.
വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് അധികാര ദുര്‍വിനിയോഗം നടത്തല്‍, സര്‍ക്കാര്‍ കരാറുകള്‍ മുതലെടുക്കല്‍, പൊതുമുതല്‍ അപഹരിക്കല്‍ എന്നീ കുറ്റങ്ങളില്‍ പത്തു വര്‍ഷം തടവും കോടതി വിധിച്ചു. കൈക്കൂലിയായി കൈപ്പറ്റിയ 1,00,84,303 റിയാല്‍ കണ്ടുകെട്ടി പൊതുഖജനാവില്‍ അടക്കാനും വിധിയുണ്ട്. അപഹരിച്ച 28,27,000 റിയാല്‍ പൊതുഖജനാവില്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്.
കൈക്കൂലിയെന്നോണം സ്വീകരിച്ച ഉപഹാരങ്ങളോ അവയുടെ തത്തുല്യമായ വിലയോ ആയും കൈക്കൂലിയെന്നോണം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ സഹായങ്ങളുമായും ഒന്നേമുക്കാല്‍ ലക്ഷം റിയാലും കണ്ടുകെട്ടാന്‍ കോടതി വിധിച്ചു. കുറ്റകൃത്യത്തിലൂടെ നേടിയ രണ്ടു ഫാമുകള്‍ കണ്ടുകെട്ടാനും കുറ്റകൃത്യത്തിലൂടെ നേടിയ 5,84,000 റിയാല്‍ പൊതുഖജനാവില്‍ തിരിച്ചടക്കുന്നതിന് നിര്‍ബന്ധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.