ദമാം – പരിസ്ഥിതി നിയമവും വന്യജീവി സംരക്ഷണ നിയമാവലിയും ലംഘിച്ച് വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ പരിസ്ഥിതി സുരക്ഷാ സേന കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരനും ഈജിപ്തുകാരനും സൗദി പൗരനുമാണ് അറസ്റ്റിലായത്. പുള്ളിമാനുകള്‍ അടക്കമുള്ള വന്യജീവികളെയാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group