തിരുവനന്തപുരം- എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇക്കാര്യത്തിൽ ദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. ആർ.എസ്.എസുമായി എൽ.ഡി.എഫിന് ഒരു തരത്തിലുള്ള ധാരണയും ഇല്ലെന്നും എല്ലാവർക്കും വിശ്വസിക്കാമെന്നും ടി.പി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആർ.എസ്.എസിനെ എതിർക്കുന്ന പാർട്ടിയാണ് സിപി.എം. പി.വി അൻവർ അല്ല ഇടതുപക്ഷ മുന്നണി. അദ്ദേഹം നിയമസഭയിലെ ഒരു അംഗം മാത്രമാണ്. അദ്ദേഹം ഉൾപ്പെടുന്ന പാർലമെന്ററി കമ്മിറ്റിയുടെ സെക്രട്ടറിയാണ് ഞാൻ. അൻവർ ഇതേവരെ മുഖ്യമന്ത്രിയുടെയും പാർട്യി നിലപാടിനെയും സ്വാഗതം ചെയ്താണ് സംസാരിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, ആർ.എസ്.എസ് കൂടിക്കാഴ്ച്ചയിൽ എ.ഡി.ജി.പിക്ക് എതിരെ തൽക്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതടക്കമുള്ള ആരോപണങ്ങൾ ഉന്നതസമിതി അന്വേഷിക്കുകയാണ്. അതിന് ശേഷം മതി നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം കഴിഞ്ഞ ശേഷം നടപടിയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ഘടകകക്ഷികൾ അംഗീകരിച്ചു.