തിരുവനന്തപുരം- പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരാളെയാണ് കോൺഗ്രസ് പുറത്താക്കിയതെന്ന് സിമി റോസ്ബെൻ ജോൺ. കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചതിനെ തുടർന്നാണ് എ.ഐ.സി.സി മുൻ അംഗം സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കിയത്. തനിക്ക് പിന്നിൽ സി.പി.എം ആണെന്നാണ് വി.ഡി സതീശൻ ആരോപിക്കുന്നതെന്നും ഇതിന്റെ തെളിവ് പുറത്തുവിടണമെന്നും സിമി ആവശ്യപ്പെട്ടു. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു. വി.ഡി സതീശന്‍ വന്ന വഴി മറക്കരുത്. പഴയ സ്‌കൂട്ടറില്‍ മണി ചെയ്യിന്‍ തട്ടിപ്പ് നടത്താന്‍ നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസിന്റെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ഈഡന്റെ മകന്‍ ആയത് കൊണ്ടല്ലേ ഹൈബിയെ എം.പി ആക്കിയതെന്നും എന്തുകൊണ്ട് പദ്മജക്ക് കൊടുത്തില്ലെന്നും സിമി ചോദിച്ചു. പദ്മജയെ തോല്‍പ്പിച്ചതാണ്. ദീപ്തി മേരി വര്‍ഗീസിനെ പുറത്താക്കിയെങ്കിലും മൂന്നു മാസത്തിനുള്ളില്‍ അവര്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹേഷ് എംഎല്‍എയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നും വിധവയായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വി.ഡി സതീശനെതിരെ സിമി കടുത്ത ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് ഗുഡ്ബുക്കിൽ ഇടംപിടിക്കാനാവാതെ പോയതെന്നും സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.