കോഴിക്കോട്- സത്യം തെളിയുമെന്നും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടി ശ്രീലേഖ മിത്ര ഉന്നയിച്ചതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ രഞ്ജിത്ത് പ്രതികരിച്ചു. ശബ്ദ സന്ദേശത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.
ശബ്ദസന്ദേശത്തിൽനിന്ന്
നിന്ദ്യമായ ആരോപണമാണ് എനിക്കെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയിരിക്കുന്നത്. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായ കാലം മുതൽ എനിക്കെതിരെ ആരോപണം തുടങ്ങിയതാണ്. ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഇത് വലിയ ഡാമേജാണ് ആരോപണം വരുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി ഞാൻ മുന്നോട്ടുപോകും. ഇതിന് പിന്നിലെ സത്യം ലോകം അറിഞ്ഞേ മതിയാകൂ.
കേരള സർക്കാരിനും സി.പി.എമ്മിനും എതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ളവരും അവർക്ക് വേണ്ടി പോർമുഖത്തുള്ള മാധ്യമങ്ങളും സംഘടിതമായി രംഗത്തെത്തിയിരിക്കുകയാണ്. സർക്കാറിനെ ചെളി വാരിയെറിയാൻ എന്റെ പേര് ഉപയോഗിക്കുന്നു എന്നത് ഏറെ അപമാനകരമാണ്. സത്യമറിയാതെയാണ് ഇവിടുത്തെ മാധ്യമങ്ങളും മറ്റു ചിലരും ആക്രമണം നടത്തുന്നത്. ഞാൻ എന്ന വ്യക്തി കാരണം സർക്കാരിന് കളങ്കമേൽക്കുന്ന ഒന്നും ഉണ്ടാകരുത്. ഈ സഹചര്യത്തിലാണ് സർക്കാർ നൽകിയ സ്ഥാനം തിരിച്ചുനൽകുന്നത്. ലോകം സത്യമറിയുന്ന ഒരു കാലം വരും. അത് അധികം വിദൂരമല്ല. ഒരു സ്ഥാനത്തിരുന്നല്ല ഞാൻ പോരാട്ടം നടത്തേണ്ടത്. അതുകൊണ്ടാണ് രാജിവെക്കുന്നത്.
എന്റെ വീടിന്റെ സ്വകാര്യത മാനിക്കാതെ എന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയാണ് മാധ്യമങ്ങൾ. എനിക്കൊരു മാധ്യമ ക്യാമറകളോടും പ്രതികരിക്കാനില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.