കേരളത്തിലെ സാമൂഹ്യ അന്തരീഷത്തിൽ വിഷം കലർത്താനും അതുവഴി രാഷ്ട്രീയ നേട്ടങ്ങൾ സ്വന്തമാക്കാനും ഏറെ കാലമായി ചില കോണുകളിൽനിന്ന് ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ വർഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത മത-സാമുദായിക അന്തരീക്ഷമാണ് കേരളത്തിലുണ്ടായിരുന്നത്. ഈ നേട്ടത്തിലൂടെ സഞ്ചരിക്കുന്ന കേരളത്തിലെ അസൂയയോടെ അല്ലാതെ മറ്റൊരു സംസ്ഥാനത്തിനും നോക്കാനും സാധിച്ചിരുന്നില്ല. എന്നാൽ ഈയിടെയായി കാര്യങ്ങൾ മാറിമറിയുന്നതാണ് കണ്ടുവരുന്നത്. ഇതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴയിലെ നിർമല കോളേജിൽ നമസ്കരിക്കാൻ മുറി ആവശ്യപ്പെട്ടുള്ള വിവാദം.
ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന സ്ഥാപനത്തിൽ മുസ്ലിംകൾക്ക് നിമസ്കരിക്കാൻ മുറി വേണമെന്ന തരത്തിൽ പുറത്തുവന്ന ആവശ്യം ഇതെഴുതിക്കൊണ്ടിരിക്കുന്ന നിമിഷത്തിലും കേരളത്തിൽ പുകയുകയാണ്. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ മുഖ്യധാരാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെല്ലാം നിസ്കാര മുറി ആവശ്യപ്പെട്ടുള്ള സമരത്തെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിക്കഴിഞ്ഞു. ഈ സമരത്തോട് ഒരു നിലക്കുള്ള യോജിപ്പുമില്ലെന്നും ഈ സംഘടനകൾ വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്ക് തെറ്റുപറ്റിയെന്ന പ്രസ്താവന മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റിയും പ്രസ്താവനയിറക്കി. കോളേജ് മാനേജ്മെന്റിനെ കണ്ടു നേരിട്ടാണ് കമ്മിറ്റി ഈ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
മുസ്ലിം വിഭാഗത്തെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള കേരളത്തിൽനിന്നുള്ള വിവാദങ്ങൾക്ക് ഏതുകാലത്തും ദേശീയ മാധ്യമങ്ങളിൽ തലക്കെട്ടുകളാകാറുണ്ട്. ദേശീയ തലത്തിൽ നിർമല കോളേജ് സംഭവവും വിവാദമായി കഴിഞ്ഞു. ഇനി ആലോചിക്കേണ്ടത് ഈ വിവാദം കൊണ്ട് ആർക്കാണ് നേട്ടമെന്നാണ്.
മൂവാറ്റുപുഴ മഹല്ല് കമ്മിറ്റി വ്യക്തമാക്കിയ പോലെ, മുസ്ലിംകൾക്ക് ആരാധന നിർവഹിക്കാൻ കൃത്യമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ആരുടെയങ്കിലും സ്ഥലത്തുപോയി അവരുടെ അനുമതിയില്ലാതെ നമസ്കാരം നിർവഹിക്കുന്നതിൽ മതപരമായ ശരികേടുമുണ്ട്. ഏതെങ്കിലും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവിവേകങ്ങളുടെ ബാധ്യത മൊത്തത്തിൽ സമുദായം ഏറ്റെടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം സഹചര്യങ്ങൾ ഇല്ലാതെ വരാനുള്ള ഉത്തരവാദിത്വമാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതലമുറ സ്വീകരിക്കേണ്ടത്.
നിർമല കോളേജ് പ്രശ്നവുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ ശരീഫ് സാഗർ പങ്കുവെച്ച കുറിപ്പിലെ ചില ഭാഗങ്ങൾ കൂടി വായിക്കാം.
മുവ്വാറ്റുപുഴ നിർമല കോളേജിലെ വിവാദത്തിൽ എന്താണ് വാസ്തവം എന്ന് പോലും അന്വേഷിക്കാതെയാണ് പലരും പലതും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. കോളേജിന് സമീപത്ത് പള്ളിയുണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവിടെ നിസ്‌ക്കരിക്കാൻ സൗകര്യമുണ്ട്. പെൺകുട്ടികൾ അവിടെ നിസ്‌ക്കരിക്കാൻ പോകാറുമുണ്ട്. എന്നാൽ, വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്കുള്ള തിരക്ക് കാരണം അവർ കോളേജിൽ തന്നെയുള്ള ഒരു മുറിയാണ് കാലങ്ങളായി ഉപയോഗിക്കാറുള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പൽ ഈ സൗകര്യം നിഷേധിച്ചു. ആ റൂം തന്നെ പൂട്ടി. തുടർന്ന് പെൺകുട്ടികളുടെ റെസ്റ്റ് റൂമിൽ അവർ നിസ്‌കരിച്ചു. കോളേജിലെ ആയമാർ നിസ്‌കരിച്ച് കൊണ്ടിരിക്കുമ്പോൾ അത് തടസ്സപ്പെടുത്തി. പെൺകുട്ടികൾ സ്വാഭാവികമായും പ്രിൻസിപ്പാളിനെ കണ്ട് പരാതി പറഞ്ഞു. നിസ്‌കാരം തടസ്സപ്പെടുത്തിയതിന് പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു.
കോളേജിൽ സൗകര്യമില്ലാത്തത് കൊണ്ട് പള്ളിയിൽ പോയി തിരിച്ച് വരാൻ സമയം അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടപ്പോൾ ഈ ആവശ്യം ഒരു അപേക്ഷയായി എഴുതി കൊടുക്കാൻ പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികൾ അത് ചെയ്‌തെങ്കിലും സമയം നീട്ടി നൽകാനോ നിസ്‌കാരത്തിന് ഏതെങ്കിലും സ്ഥലം അനുവദിക്കാനോ കഴിയില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇത്രയുമാണ് സംഭവിച്ചത്.
പ്രിൻസിപ്പലിനെ ഉപരോധിക്കാനോ സമരം ചെയ്യാനോ എം.എസ്.എഫോ എസ്.എഫ്.ഐയോ തയ്യാറായിട്ടില്ല. ഏതെങ്കിലും സംഘടനയുടെ ബാനറിൽ അവിടെ ഒരു സമരവും നടന്നിട്ടില്ല. ഒരു വിഷയമുണ്ടായപ്പോൾ ഏതാനും കുട്ടികൾ സ്വാഭാവികമായും പ്രിൻസിപ്പലുമായി സംസാരിച്ചു. അതും പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം. അതിൽ എല്ലാ വിഭാഗം കുട്ടികളുമുണ്ട്. എന്നാൽ സംഭവം നടന്ന ദിവസം വൈകുന്നേരത്തോടെ ക്രിസംഘി, സംഘി ചാനലുകളിൽ മുസ്‌ലിം കുട്ടികൾക്കെതിരെ വിദ്വേഷ വാർത്തകൾ വന്നുകൊണ്ടിരുന്നു.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഈ മതേതര രാജ്യത്ത് മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്ഥാപനങ്ങളുണ്ട്. അതായത് മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളമുള്ള പേരുകളിട്ട് സ്ഥാപനങ്ങൾ നടത്താൻ ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള മതേതര രാജ്യമാണിത്. നിസ്‌ക്കരിക്കുന്നതും പൊട്ട് തൊടുന്നതും കുരിശ് മാല അണിയുന്നതുമൊക്കെ ഇന്ത്യയിൽ മതേതരത്വത്തിന്റെ അടയാളങ്ങളാണ്. എല്ലാ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്ഥാപനങ്ങളെയും പോലെ ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കുർബാനയും ഹോസ്റ്റലിൽ ചാപ്പലും സന്ധ്യാ പ്രാർത്ഥനയുമൊക്കെയുള്ള മതേതര സ്ഥാപനമാണ് നിർമല കോളേജ്. അത് കൊണ്ട് രാജ്യത്തിന്റെ മതേതരത്വം തകർന്നിട്ടില്ല. മറ്റൊരു കാര്യം എന്തെന്നാൽ, ഈ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ചാപ്പൽ വേണോ മസ്ജിദ് വേണോ എന്നൊക്കെ ആ മാനേജ്‌മെന്റിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതാണ്.
ഇനി കുട്ടികളോടാണ്. ഉടമയുടെ അനുവാദമില്ലാത്ത സ്ഥലത്ത് നിസ്‌ക്കരിച്ചാൽ ആ നിസ്‌ക്കാരം ശരിയാകുമോ എന്ന് കുട്ടികൾ ചിന്തിക്കണം. മറ്റൊന്ന്, മധ്യാഹ്ന നിസ്‌ക്കാരത്തിന് നിർവ്വാഹമില്ലാത്ത സാഹചര്യത്തിൽ സായാഹ്ന നിസ്‌ക്കാരത്തോട് ചേർത്ത് അത് നിർവ്വഹിക്കാനുള്ള സൗകര്യം മതത്തിലുണ്ടെന്ന് മനസ്സിലാക്കണം. നിസ്‌ക്കരിച്ചേ അടങ്ങൂ എന്നാണെങ്കിൽ അതിന് പറ്റിയ സ്ഥാപനങ്ങളിലേക്ക് മാറണം.
കടിച്ച് പറിക്കാനായി ഒരു എല്ലിൻ കഷ്ണം കിട്ടാൻ കാത്തിരിക്കുന്ന ചെന്നായ്ക്കൾ ചുറ്റുമുണ്ടെന്ന ഓർമ വേണം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് എഴുതിയത് വായിക്കാം.
നിർമല കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെന്ന നിലയിലും ഒരു യുവജന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരാൾ എന്ന നിലയിലും പൊതു മണ്ഡലത്തിൽ നിർമല കോളേജുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയത്തിൽ രണ്ട് വാക്ക് പറയണമെന്നുണ്ട്.
നിർമല കോളേജിൽ കഴിഞ്ഞ ദിവസം നമസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്ക് പിന്നിൽ ഗൂഢ താല്പര്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കുന്നു. സമാധാനത്തിലും സൗഹാർദ്ദ അന്തരീക്ഷത്തിലും മുന്നോട്ട് പോകുന്ന ഒരു വിദ്യാലയത്തിൽ ഇത്തരമൊരു ആവശ്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ല.
നിർമല കോളേജ് ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മതത്തെ വലിച്ചിടുന്നത് ഏത് മത വിഭാഗമാണെങ്കിലും അത് ശരിയല്ല. ക്യാമ്പസുകളിൽ വിദ്യാഭ്യാസം നേടാനുള്ള അന്തരീക്ഷമാണ് ഒരുക്കേണ്ടത്. ഒരു വിഭാഗത്തിന് പ്രാർത്ഥന നടത്താൻ പ്രത്യേക ഇടം ഒരുക്കിയാൽ ഭാവിയിൽ ക്യാമ്പസുകളിൽ എല്ലാ വിഭാഗത്തിനും അത്തരം ഇടങ്ങൾ അനുവദിക്കേണ്ടതായി വരും. ഇത്തരം ആവശ്യങ്ങൾ ഇന്നത്തെ കാലത്ത് ചർച്ച ചെയ്യപ്പെടുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷം മലിനമാക്കാൻ കാത്തിരിക്കുന്നവർക്ക് ഗുണം ചെയ്യുകയേ ഉള്ളു.
ഈ വിഷയത്തെ സമീപിക്കുന്ന പലർക്കും പ്രശ്ന പരിഹാരത്തേക്കാൾ താല്പര്യം പ്രശ്നം വഷളാക്കാൻ ഉള്ള താല്പര്യം ആണ് എന്നാണ് ബോധ്യപെടുന്നത് അതിനാൽ വിദ്യാർത്ഥികൾ താഴെ പള്ളിയോട് ചേർന്നുള്ള നമസ്കാര സ്ഥലം ഉപയോഗപെടുത്താനുള്ള വിവേകവും അത് പോലെ അധികാരികൾ ഈ വിഷയം ക്യാമ്പസിനു പുറത്തേക്ക് കൂടുതൽ ചർച്ച ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കാതെ രമ്യമായി പരിഹരിക്കണം. ക്യാമ്പസിലെ വിദ്യാർത്ഥികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനും കോളേജിന്റെ സൗഹാർദ്ദ അന്തരീക്ഷം തകരാതിരിക്കാനും ബന്ധപ്പെട്ടവർ മുൻ കൈ എടുക്കണം. ഇത്തരമൊരു വിഷയം ഉയർന്നു വരുമ്പോൾ വൈകാരികതയോടെ സമീപിക്കാതെ വിവേകത്തോടെ സമീപിക്കാൻ മത നേതാക്കൾ തയ്യാറാകണം.