അബഹ – കഴിഞ്ഞ കൊല്ലം സൗദിയില്‍ വിനോദസഞ്ചാരികളുടെ എണ്ണം 10.9 കോടിയായി ഉയര്‍ന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് അബഹയില്‍ സംഘടിപ്പിച്ച ഗവണ്‍മെന്റ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇതില്‍ 2.7 കോടി പേര്‍ വിദേശ ടൂറിസ്റ്റുകളും ശേഷിക്കുന്നവര്‍ ആഭ്യന്തര ടൂറിസ്റ്റുകളുമായിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ലോകത്ത് 11-ാം സ്ഥാനത്തെത്താന്‍ ഈ നേട്ടത്തിലൂടെ സാധിച്ചു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പുള്ള 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 153 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണ്. രാജ്യത്തെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയര്‍ന്നു.
ഈ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ വിനോദസഞ്ചാരികളുടെ എണ്ണം ആറു കോടിയായി. ഇവര്‍ 15,000 കോടി റിയാല്‍ രാജ്യത്ത് ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ സൗദിയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വളര്‍ച്ചയുണ്ട്. ടൂറിസം മേഖലയില്‍ഒരു ലക്ഷം സൗദികള്‍ക്ക് പരിശീലനം നല്‍കാന്‍ ടൂറിസം മന്ത്രാലയം പ്രതിവര്‍ഷം 40 കോടി റിയാല്‍ ചെലവഴിക്കുന്നതായും ടൂറിസം മന്ത്രി പറഞ്ഞു.