റിയാദ് – കുഞ്ഞായിരിക്കെ താന്‍ പോറ്റിവളര്‍ത്തിയ സൗദി യുവാവ് മിസ്അബ് അല്‍ഖതീബിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 21 വര്‍ഷത്തിനു ശേഷം ഫിലിപ്പിനോ വേലക്കാരി സാറ റിയാദില്‍ തന്റെ പഴയ സ്‌പോണ്‍സര്‍മാരുടെ വീട്ടിലെത്തി. താന്‍ ഫ്രാന്‍സിലായിരിക്കെയാണ് മിസ്അബ് വിവാഹിതനാകാന്‍ പോകുന്ന വിവരം പഴയ സ്‌പോണ്‍സര്‍ നൂറ തന്നെ അറിയിച്ചതെന്ന് സാറ പറഞ്ഞു.
പതിനാറു വര്‍ഷം ജോലി ചെയ്ത വീട്ടിലെ, താന്‍ പോറ്റിവളര്‍ത്തിയ കുഞ്ഞിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് സാറ പഴയ സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു.
റിയാദില്‍ വിമാനമിറങ്ങിയ സാറയെ സ്‌നേഹവായ്പുകളോടെ ഊഷ്മളമായാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. 21 വര്‍ഷം പിന്നിട്ടിട്ടും യാതൊന്നും മാറിയിട്ടില്ലെന്നും കുടുംബം തന്നെ ഊഷ്മളമായാണ് സ്വീകരിച്ചതെന്നും സാറ പറഞ്ഞു. പത്തു വര്‍ഷം മുമ്പ് താന്‍ അമേരിക്കക്കാരനെ വിവാഹം ചെയ്തു. ഇതിനു ശേഷം താനും ഭര്‍ത്താവും ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും സാറ പറഞ്ഞു. സൗദി കുടുംബത്തില്‍ ജോലി ചെയ്യുന്ന കാലത്ത് സാറ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു.
മിസ്അബിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏറെ ദൂരം താണ്ടി സാറ എത്തിയതില്‍ എല്ലാവരും ഏറെ സന്തോഷത്തിലാണെന്ന് സാറയുടെ പഴയ സ്‌പോണ്‍സര്‍ നൂറ ബിന്‍ത് സ്വാലിഹ് അല്‍അരീഫി പറഞ്ഞു. തങ്ങളുടെ കുടുംബത്തിനു വേണ്ടി സാറ സഹിച്ച ത്യാഗങ്ങളും തന്റെ മാതാവിനെ രോഗശയ്യയില്‍ സാറ പരിചരിച്ചതും കുടുംബം ഇന്നുവരെ വിസ്മരിച്ചിട്ടില്ലെന്നും നൂറ അല്‍അരീഫി പറഞ്ഞു.