ജിദ്ദ: ലോകസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ച വെച്ച് ബി.ജെ.പിയെ പ്രതിരോധിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ ജിദ്ദയിൽ ഒ.ഐ.സി.സി കെ.എം.സി.സി പ്രവർത്തകർ ഒരുമിച്ചു കൂടി ആഹ്ലാദം പങ്കിട്ടു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിന് ശേഷം ഷറഫിയയിൽ മധുരം വിതരണം ചെയ്തു. പ്രവാസി യു.ഡി.എഫ് ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ചെയർമാൻ ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കൺവീനർ ഇസ്മയിൽ മുണ്ടുപറമ്പ്, അബൂട്ടി, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ മുസ്തഫ പെരുവള്ളൂർ അലി തേക്ക് തോട് ഒ.ഐ.സി.സി ജിദ്ദ റീജിയനൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ തുടങ്ങി ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും വിവിധ നേതാക്കൾ സംസാരിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി നടത്തിയ അതിശക്തമായ മുന്നേറ്റം രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും സന്തോഷിപ്പിക്കുന്നതാണ്.
ബിജെപിയെയും സംഘപരിവാരങ്ങളെയും ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് മാത്രമേ സാധ്യമാകൂ. ഇന്ത്യയിൽ കോൺഗ്രസിന്റെ കാലം അവസാനിച്ചു എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തിൽ പോലും ഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെച്ചുകൊണ്ട് ജനവിധി മാനിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു
ഭരണ സംവിധാനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ഉപയോഗിച്ചുകൊണ്ട്, കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും പലരീതിയിലും കൂച്ചുവിലങ്ങിടാൻ നോക്കിയിട്ടും, സകല പ്രതിബന്ധങ്ങളെയും തട്ടിമാറ്റി കോൺഗ്രസ്സും ഇന്ത്യ മുന്നണിയും നടത്തിയ ത്രസിപ്പിക്കുന്ന പോരാട്ടം രാഹുൽ ഗാന്ധിയുടെ വിജയമാണെന്ന് നേതാക്കൾ സൂചിപ്പിച്ചു.
പായസവും ലഡുവും വിതരണം നടത്തി പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. കെഎംസിസിയുടെയും ഒ.ഐ.സി.സിയുടെയും ഗ്ലോബൽ, നാഷണൽ, സെൻട്രൽ,ജില്ലാ ഏരിയ നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.