കണ്ണൂർ – കണ്ണൂർ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃക്കരിപ്പൂർ, പടന്ന സ്വദേശികളെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. അതിനിടെ പയ്യന്നൂരിൽ എ.ടി.എം സി ഡി എമ്മിൽ നിക്ഷേപിച്ച അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തി.
തൃക്കരിപ്പൂർ എടച്ചാക്കെ സ്വദേശിയായ മുപ്പത്തിയെട്ടുകാരനേയും പടന്ന പഞ്ചായത്ത് ഓഫീസിനടുത്തുളള അമ്പത്തിയഞ്ചുകാരനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം.എ ഷിജു(36)വിനെ ടൗൺ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടർ പാടിയോട്ടുചാൽ ഏച്ചിലംപാറ സ്വദേശിനി പി ശോഭ(45)യേയും പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. അന്തർ സംസ്ഥാന ബന്ധങ്ങളുളള കളളനോട്ട് റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് സൂചന.
പയ്യന്നൂർ കണ്ടോത്ത് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹന മെക്കാനിക്കുമായ എം. എ. ഷിജു (36) വിനെ കാൾടെക്‌സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വെച്ചാണ് അഞ്ച് അഞ്ഞുറിന്റെ 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എൻ 8326 24, 3 സി എൻ 83 2655 എന്നീ സീരിയലുകളിലുള്ള കള്ള നോട്ടുകളുമായി പിടികൂടിയത്. ഈ സീരിയലുകളിലുള്ളനോട്ടുകളാണ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ എ.ടി.എമ്മിൽ കണ്ടെത്തിയത്. കള്ളനോട്ടുകൾ ബാങ്ക് അധികൃതർ കണ്ണൂർ ടൗൺ പോലീസിന് കൈമാറി.
കള്ളനോട്ട് കേസിലെ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ പൊലീ സ് ഇൻസ്‌പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കള്ളനോട്ട് ഇടപാടിൽ കാസർകോട്, കർണാടക സംഘങ്ങൾക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.
നേരത്തെ പിടിയിലായ പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ ശോഭ മുഖ്യ കണ്ണിയാണെന്നാണ് സൂചന. പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം 500 രൂപ കള്ളനോട്ട് നൽകിയ കേസിലും ശോഭ പ്രതിയാണ്. കണ്ണൂർ ടൗൺ, ചീമേനി, ചെറുപുഴ സ്റ്റേഷനുകളി ലെ ഉദ്യോഗസ്ഥർ ശോഭയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രിന്റിങ് മെഷീൻ, ലാപ്‌ടോപ്, നിരോധിച്ച ആയിരത്തിന്റെ നോട്ടുകൾ, പിൻവലിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ, അഞ്ഞൂറിന്റെയും പത്തിന്റെയും നോട്ടുകെട്ടുകൾ, നിരവധി സീലുകൾ എന്നിവ കണ്ടെടുത്തിരുന്നു. ഇവരെ കൂടുതലായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ശോഭയെ നേരത്തെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനയിൽ നിന്നാണ് ഇന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമെ സൈബർ സെൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഫോട്ടോ – അറസ്റ്റിലായ ശോഭ.