കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നത്. നിലവിലെ പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ ടി.പി അബ്ബാസ് ഹാജി അറിയിച്ചു. ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന് യാത്രക്കാരാണ്. ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.
പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ. ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.
കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണം. പ്രവാസികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്ന് ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് ടി.പി അബ്ബാസ് ഹാജി, ജനറല്‍ സെക്രട്ടറി ഉമര്‍ അരിപ്പാമ്പ്ര, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ മുഹമ്മദ്, ട്രഷറര്‍ റയീസ് പെരുമ്പ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.