കയ്റോ – സിറിയയില്‍നിന്നും മറ്റു നാലു അറബ് രാജ്യങ്ങളില്‍ നിന്നും വരുന്ന ഫലസ്തീനികള്‍ക്ക് ഈജിപ്തില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. സിറിയ, സുഡാന്, ലിബിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഫലസ്തീനികള്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈജിപ്തില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ദിവസങ്ങള്‍ക്ക് മുമ്പ് സിറിയക്കാര്‍ക്ക് ഈജിപ്തില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന സമാനമായ തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യന്‍, അമേരിക്കന്‍, കനേഡിയന്‍ വിസയുള്ള സിറിയക്കാര്‍ സുരക്ഷാ വകുപ്പുകളില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടാതെ രാജ്യത്ത് പ്രവേശിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. സുരക്ഷാ അനുമതി നേടാതെ, ഷെന്‍ഗന്‍ വിസയുള്ള സിറിയക്കാര്‍ക്ക് ഈജിപ്തില്‍ പ്രവേശനാനുമതി നല്‍കുന്നത് നിര്‍ത്തലാക്കാനും ഈജിപ്തുകാരന്റെ സിറിയക്കാരിയായ ഭാര്യയും ഈജിപ്തുകാരിയുടെ സിറിയക്കാരനായ ഭര്‍ത്താവും സുരക്ഷാ അനുമതിയില്ലാതെ ഈജിപ്തില്‍ പ്രവേശിക്കുന്നത് തടയാനും തീരുമാനമുണ്ട്.
നേരത്തെ ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം സിറിയക്ക് ഈജിപ്തിന്റെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിറിയയുടെ പരമാധികാരവും അഖണ്ഡതയും ഈജിപ്ത് മാനിക്കുമെന്നും സിറിയയെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക, അന്തര്‍ദേശീയ കക്ഷികള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സിറിയന്‍ ജനതയിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്യുന്ന സമഗ്രമായ രാഷ്ട്രീയ പ്രക്രിയയിലൂടെ മാതൃരാജ്യവും അതിന്റെ സ്ഥാപനങ്ങളും പുനര്‍നിര്‍മിക്കാനുള്ള സിറിയന്‍ ജനതയുടെ ശ്രമങ്ങള്‍ക്ക് ഈജിപ്ത് പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.