ഇറാന് നിരുപാധികം കീഴടങ്ങണമെന്നും അമേരിക്കന്‍ പ്രസിഡന്റ്
ജിദ്ദ – ഇറാനില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇറാന് വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണവും സമഗ്രവുമയ നിയന്ത്രണം ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആകാശങ്ങളില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പൂര്‍ണവും സമഗ്രവുമായ നിയന്ത്രണമുണ്ട് – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ പക്കല്‍ ധാരാളം ഉപകരണങ്ങളുണ്ട്. പക്ഷേ, അമേരിക്കയുടേതുമായി താരതമ്യപ്പെടുത്തിയാല്‍ അവ ഒന്നുമല്ല. അമേരിക്കയെ പോലെ ഏറ്റവും മികച്ച സൈനിക ഉപകരണങ്ങള്‍ ആരും നിര്‍മിക്കുന്നില്ല.
ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, കുറഞ്ഞത് ഇപ്പോഴെങ്കിലും അദ്ദേഹം കൊല്ലപ്പെടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, അദ്ദേഹം അവിടെ സുരക്ഷിതനാണ്. ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും – ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ, അമേരിക്കന്‍ സിവിലിയന്മാര്ക്കോ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുക്കുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.