ലണ്ടന്‍: മതവിശ്വാസത്തിന്റെ പേരില്‍ ഷോര്‍ട്‌സ് ധരിച്ച് കളിക്കാന്‍ മുസ്ലിം വനിതാ ഫുട്‌ബോള്‍ താരത്തെ അനുവദിക്കാത്ത സംഭവത്തില്‍ ക്ഷമാപണവുമായി ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്എ). സൊമാലിയയില്‍ നിന്നുള്ള ഇഖ്റ ഇസ്മയില്‍ എന്ന വനിതാ ഫുട്‌ബോള്‍ താരത്തിനാണ് ദുരനുഭവമുണ്ടായത്. മത്സരത്തിനിടെ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങാന്‍ ഒരുങ്ങിയ ഇഖ്റയെ, ഷോര്‍ട്‌സ് ധരിച്ച് കളിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി റഫറി തടയുകയായിരുന്നു. വേഷം മാറ്റാന്‍ ഇഖ്റ വിസമ്മതിച്ചതോടെ താരം കളിക്കാനുമിറങ്ങിയില്ല.
ഗ്രേറ്റര്‍ ലണ്ടന്‍ വിമന്‍സ് ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം.ടവര്‍ ഹാംലെറ്റ്‌സിനെതിരായ മത്സരത്തില്‍ യുണൈറ്റഡ് ഡ്രാഗണ്‍സിന്റെ താരമായിരുന്നു ഇഖ്റ ഇസ്മയില്‍. മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് യുവതിയെ പകരക്കാരിയായി കളത്തിലിറക്കാന്‍ ടീം ശ്രമിച്ചപ്പോഴാണ് റഫറി ഇടപെട്ട് തടഞ്ഞത്.
അഞ്ച് വര്‍ഷത്തോളമായി ട്രാക്ക്‌സ്യൂട്ട് ധരിച്ചാണ് താന്‍ കളിക്കാറുള്ളതെന്ന് ഇഖ്റ പ്രതികരിച്ചു. ”എന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ ഗ്രേറ്റര്‍ ലണ്ടന്‍ വിമന്‍സ് ഫുട്‌ബോള്‍ ലീഗില്‍ എനിക്ക് കളിക്കാന്‍ അനുമതി നിഷേധിച്ചു. ഞാന്‍ ഷോര്‍ട്‌സ് ധരിക്കാന്‍ വിസമ്മതിച്ചതാണ് കാരണം’ യുവതി പ്രതികരിച്ചു. ട്രാക്‌സ്യൂട്ട് ധരിച്ചാണ് ഇക്കാലമത്രയും കളിച്ചിട്ടുള്ളതും. പക്ഷേ, ഓരോ വര്‍ഷം കഴിയുന്തോറും എന്നേപ്പോലുള്ള താരങ്ങള്‍ക്കെതിരേയുള്ള അവരുടെ മോശം നടപടികള്‍ തുടരുകയാണ്.
”എന്റെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കളിക്കാനാകില്ലെന്ന് ഇത്തവണ അവര്‍ നിലപാടെടുത്തു. ഞായറാഴ്ച നടന്ന മത്സരത്തില്‍ മിഡില്‍സെക്‌സ് ഫുട്‌ബോള്‍ അസോസിയേഷന്റെ റഫറിയാണ് എന്നെ തടഞ്ഞത്. എന്നേപ്പോലുള്ള താരങ്ങളെ ട്രാക്ക്‌സ്യൂട്ട് ധരിച്ച് കളിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് തനിക്ക് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്’ ഇഖ്റ വിശദീകരിച്ചു.
അതേസമയം, ഇനിമുതല്‍ ട്രാക്ക്‌സ്യൂട്ട് ധരിച്ച് കളിക്കുന്നവരെ ആരും തടയില്ലെന്ന് എഫ്എ വക്താവ് അറിയിച്ചു. ‘സംഭവം അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉടന്‍തന്നെ മിഡില്‍സെക്‌സ് ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനും നിര്‍ദ്ദേശിച്ചു’ വക്താവ് പറഞ്ഞു.
‘മതവിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രം ധരിച്ച് കളിക്കാന്‍ യുവതികളെയും പെണ്‍കുട്ടികളെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എല്ല കൗണ്ടി ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ഞങ്ങള്‍ കത്തു നല്‍കിയിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷം ഇംഗ്ലിഷ് ഫുട്‌ബോള്‍ ഫെഡറേഷനില്‍ കൊണ്ടുവരാന്‍ ഊര്‍ജിതമായ ശ്രമമുണ്ടാകും’ അദ്ദേഹം പറഞ്ഞു.