കുവൈറ്റ് സിറ്റി: ഇറാഖിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് സൗദി അറേബ്യ അറേബ്യൻ ഗൾഫ് കപ്പ് സെമിയിൽ പ്രവേശിച്ചു. ഗ്രൂപ്പ് ബി.യിൽ ഒന്നാമതായാണ് സൗദിയുടെ സെമി പ്രവേശനം. ആദ്യ പകുതിക്ക് ശേഷം കളിയുടെ 57-മത് മിനിറ്റിൽ സാലിം അൽ ദോസരിയാണ് സൗദിയുടെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയായിരുന്നു ഇത്. ഏഴു മിനിറ്റിന് ശേഷം ഇറാഖിന്റെ മോഹനദ് അലി അലി അൽ-ബുലൈഹി ഗോൾ മടക്കി മത്സരം സമനിലയിലാക്കി. എന്നാൽ പകരക്കാരനായി എത്തിയ അബ്ദുല്ല അൽ ഹംദാൻ സൗദിക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി മത്സരത്തെ ഏകപക്ഷീയമാക്കി. 2004ന് ശേഷം ഇതാദ്യമായി പ്രാദേശിക കിരീടം ചൂടാനുള്ള സാധ്യതയിലേക്കുള്ള ഒരു ചുവട് കൂടി സൗദി മുന്നിലെത്തി.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി സാലിം അൽ ദോസരി എടുക്കാനെത്തിയപ്പോൾ പഴയ ഭയം ഗ്യാലറിയിൽ നിഴലിച്ചിരുന്നു. സൗദി ദേശീയ ടീമിന് വേണ്ടി അവസാനമായി എടുത്ത രണ്ടു സ്പോട്ട് കിക്കുകളും ദോസരി പാഴാക്കിയിരുന്നതാണ്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ദോസരിക്ക് പിഴച്ചില്ല.
യെമനിനോട് 2-1ന് തോറ്റ ബഹ്റൈനെക്കാൾ ആറ് പോയിൻ്റുമായി സൗദി അറേബ്യ ഗ്രൂപ്പിൽ ഒന്നാമതെത്തി.
ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ സൗദി ആതിഥേയരായ കുവൈത്തിനെയും ബഹ്റൈൻ ഗ്രൂപ്പ് എ ജേതാക്കളായ ഒമാനെയും നേരിടും.