ഹൈദരാബാദ്: തുടക്കം തന്നെ തോല്‍വി. പിന്നെയും തുടരെ തോല്‍വികള്‍. പോയിന്റ് ടേബിളില്‍ ഏറ്റവും താഴേനിലയില്‍. അവിടെനിന്ന് തുടരെ ജയവുമായി കുതിക്കുകയാണ് ടീം മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവരുടെ റണ്ണൊഴുകും പിച്ചില്‍ പിടിച്ചുകെട്ടി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഒരൊറ്റ ചാട്ടം. 26 പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് ഹൈദരാബാദിനെ കീഴടക്കി തുടര്‍ച്ചയായ നാലാം വിജയമാണ് സന്ദര്‍ശകര്‍ ഇന്ന് കുറിച്ചത്. ട്രെന്റ് ബോള്‍ട്ടിന്റെയും ദീപക് ചഹാറിന്റെയും നേതൃത്വത്തില്‍ ആദ്യം ആതിഥേയരെ 143 റണ്‍സില്‍ പിടിച്ചുകെട്ടിയ ശേഷം തുടര്‍ ഹാഫ് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും(70), സൂര്യകുമാര്‍ യാദവും(40*) ചേര്‍ന്നാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.
ഫോമിലുള്ള രോഹിത് ശര്‍മ എത്രമാത്രം അപകടകാരിയാണെന്ന് ഒരിക്കല്‍കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായ ദിനമായിരുന്നു ഇന്ന്. തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു രോഹിതിന്. ചെറിയ സ്കോര്‍ പിന്തുടര്ന്ന് ഇറങ്ങുന്നതിന്റെ അമിതാത്മവിശ്വാസം നില്‍ക്കുമ്പോഴും മികച്ച ടച്ചില്‍ ബൗണ്ടറികളും സിക്സറുകളും പറത്തി കളംനിറഞ്ഞു കളിക്കുകയായിരുന്നു രോഹിത്. 46 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയാണ് രോഹിത് 70 റണ്‍സെടുത്തത്.
സൂര്യകുമാര്‍ യാദവ് അപാരഫോമില്‍ തകര്ത്താടുക കൂടി ചെയ്തതോടെ നിര്‍ണായകമായ റണ്‍റേറ്റ് ആനുകൂല്യം കൂടി മുംബൈയ്ക്ക് സ്വന്തമാക്കാനായി. ക്രീസില്‍ വന്നിറങ്ങിയ പാടേ സ്പിന്നര്‍മാരെയും പേസര്‍മാരെയും നിലംതൊടാന്‍ അനുവദിക്കാതെ നാലുപാടും പറത്തുകയായിരുന്നു താരം. ഒടുവില്‍ സീഷാന്‍ അന്‍സാരി എറിഞ്ഞ 16-ാം ഓവറിലെ നാലാം പന്ത് ബൗണ്ടറിയിലേക്ക് പറത്തി വിജയറണ്‍ കുറിക്കുകയും ചെയ്തു സൂര്യ. 19 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സറും സഹിതമാണ് താരം 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിനിറങ്ങേണ്ടി വന്ന ഹൈദരാബാദ് ഒരിക്കല്‍കൂടി ടോപ് ഓര്‍ഡര്‍ തകര്‍ച്ചയ്ക്കു സാക്ഷിയായി. പവര്‍പ്ലേ തീരുമ്പോഴേക്ക് നാല് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം പുല്കിയിരുന്നു. ട്രാവിസ് ഹെഡ്-പൂജ്യം, അഭിഷേക് ശര്‍മ-എട്ട്, ഇഷന്‍ കിഷന്-ഒന്ന്, നിതീഷ് റെഡ്ഡി-രണ്ട്, എന്നിങ്ങനെയായിരുന്നു അപകടകാരികളെന്ന് ആഘോഷിക്കപ്പെട്ട മുന്‍നിരയുടെ സമ്പാദ്യം.
പിച്ചിലെ സ്വിങ്ങിന്റെ ആനുകൂല്യം മുതലെടുത്ത് ദീപക് ചഹാറും ട്രെന്റ് ബോള്‍ട്ടും അഴിഞ്ഞാടുകയായിരുന്നു ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍. ഹെഡിനെയും അഭിഷേകിനെയും ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ കിഷനെയും നിതീഷിനെയും ചഹാറും മടക്കി. അവസാനം അഭിനവ് മനോഹറിനെയും പാറ്റ് കമ്മിന്‍സിനെയും മടക്കി ബോള്‍ട്ട് നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.
അഞ്ചിന് 35 എന്ന നിലയില്‍ വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ഹൈദരാബാദിനെ ഹെണ്‍റിച്ച് ക്ലാസനും അഭിനവ് മനോഹറും ചേര്‍ന്നാണു കരകയറ്റിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 99 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ഏറ്റവും നിര്‍ണായകമായത് ക്ലാസന്റെ അര്‍ധസെഞ്ച്വറി പ്രകടനം തന്നെയായിരുന്നു. ടച്ചിലെടുത്താന് സമയമെടുത്ത താരം താളം കണ്ടെത്തിയതോടെ അതുവരെയും അഴിഞ്ഞാടിയ മുംബൈ ബൗളര്‍മാര്‍ ഒന്നു പകച്ചു. 44 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ബൗണ്ടറിയും പറത്തി 71 റണ്‍സെടുത്ത ക്ലാസനെ കൂടുതല്‍ നാശം വിതയ്ക്കും മുന്‍പ് പവലിയനിലേക്കു തിരിച്ചയച്ച് ജസ്പ്രീത് ബുംറയാണ് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചത്. 37 പന്തില്‍ മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയും സഹിതം 43 റണ്‍സെടുത്ത് അഭിനവ് മനോഹറും ടീമിനായി വിലപ്പെട്ട സംഭാവന നല്കി.