ന്യൂഡൽഹി: സൗദി ഗവൺമെന്റിന്റെ അതിഥികളായി ഈ വർഷം ഹജ്ജ് നിർവഹിക്കാൻ പോകുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റും ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ്യ ചെയർമാനുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് സൗദി എംബസിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശിഷ്ട വ്യക്തികൾക്ക് ഹജ്ജിന് ക്ഷണം നൽകാറുണ്ട്. ഈ വർഷം ഇന്ത്യയിൽ നിന്ന് മുപ്പതോളം പേർ ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡൽഹിയിലെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഇൻ ചാർജ് അഹമ്മദ് അൽ അഹ്മറി, സൗദി എംബസിയിലെ റിലീജിയസ് അഫയേഴ്സ് അറ്റാഷെ ബദർ നാസിർ അൽ അനസി തുടങ്ങിയവർ പങ്കെടുത്തു.