ന്യൂഡല്‍ഹി: ലാസ്റ്റ് ഓവര്‍ ത്രില്ലറിനൊടുവില്‍ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ അവസാന ചിരി ഡല്‍ഹിയുടേത്. നിശ്ചിത 20 ഓവറിലും സൂപ്പര്‍ ഓവറിലും മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്തെടുത്ത അസാമാന്യമായ ബൗളിങ് പ്രകടനമാണ് രാജസ്ഥാനെതിരെ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ രാജസ്ഥാനായില്ല. രാജസ്ഥാന്റെ പോരാട്ടവും തുല്യസ്കോറില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന് ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി മറികടക്കുകയും ചെയ്തു.
സൂപ്പര്‍ ഓവറില്‍ മത്സരത്തിലെ അര്‍ധസെഞ്ച്വറിക്കാരായ യശസ്വി ജയ്സ്വാളിനെയും നിതീഷ് റാണയും ഓപണ്‍ ചെയ്യിക്കാന്‍ രാജസ്ഥാന് ധൈര്യം കാട്ടിയില്ല. പകരം, ബിഗ്ഹിറ്റര്‍മാരായ ഷിംറോണ്‍ ഹെറ്റ്മെയറിനെയും റിയാന്‍ പരാഗിനെയുമാണ് അയച്ചത്. ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ പന്തേല്‍പിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കിനെയും. ആദ്യ പന്ത് മനോഹരമായ യോര്‍ക്കര്‍. ഹെറ്റ്മെയറിന് തൊടാനായില്ല. രണ്ടാമത്തെ പന്തില്‍ സ്റ്റാര്‍ക്കിനു പിഴച്ചപ്പോള്‍ പന്ത് ബൗണ്ടറിയില്‍. മൂന്നാമത്തെ പന്ത് വീണ്ടും യോര്‍ക്കര്‍. ഒരു റണ്‍സ് മാത്രം. നാലാമത്തെ പന്ത് പരാഗ് ബൗണ്ടറിയിലേക്ക് പറത്തി. വിവാദമാകാനിടയുള്ള ഒരു നോബൗള്‍ റണ്‍ അഡീഷനലായും ലഭിച്ചു. എന്നാല്‍, അടുത്ത രണ്ട് പന്തുകളില്‍ ഹെറ്റ്മെയര്‍ സൃഷ്ടിച്ച രണ്ട് റണ്‍ഔട്ടുകളില്‍ പരാഗും ജയ്സ്വാളും പുറത്തായതോടെ ഡല്‍ഹിക്കു വിജയലക്ഷ്യം 12 റണ്‍സായിരുന്നു.
സൂപ്പര്‍ ഓവര്‍ ലക്ഷ്യം പിന്തുടരാനായി ഡല്‍ഹി അയച്ചത് ട്രിസ്റ്റന്‍ സ്റ്റബ്സിനെയും കെ.എല്‍ രാഹുലിനെയും. മൂന്നാമനായി അശുതോഷ് ശര്‍മയും. പന്തെറിഞ്ഞത് സന്ദീപ് ശര്‍മ. ആദ്യ പന്തില്‍ രണ്ട് റണ്‍സ്. രണ്ടാമത്തെ പന്ത് സ്ലോവര്‍ ബൗണ്‍സര്‍. രാഹുല്‍ മനോഹരമായി ബാക്ക്വാര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടത്തി. മനോഹരമായ അടുത്ത യോര്‍ക്കര്‍ രാഹുലിന് ഒന്നും ചെയ്യാനായില്ല, ഒരു റണ്‍സ്. ഓഫ്സൈഡിലേക്ക് എറിഞ്ഞ നാലാം പന്ത് ഗാലറിയിലേക്ക് പറത്തി സ്റ്റബ്സ് ടീമിന് അനായാസ വിജയവും സമ്മാനിച്ചു.
നേരത്തെ, ഡല്‍ഹി ഉയര്‍ത്തിയ 189 എന്ന വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ രാജസ്ഥാന് നായകന് സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേര്‍ന്നു മികച്ച തുടക്കമാണു നല്‍കിയത്. പവര്‍പ്ലേയില്‍ ഡല്‍ഹി ബൗളര്‍മാരെ നിലംതൊടാതെ അടിച്ചുപറത്തുകയായിരുന്നു രണ്ടുപേരും. മികച്ച ടച്ചിലിരിക്കെ സഞ്ജുവിനും രാജസ്ഥാനും തിരിച്ചടിയായി പരിക്ക് വില്ലനായെത്തി. ഡല്‍ഹി സ്പിന്നര്‍ വിപ്രാജ് നിഗമിനെ കൂറ്റനടിക്കു ശ്രമിക്കാനുള്ള ശ്രമം പാളുകയായിരുന്നു. 19 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി 31 റണ്‍സെടുത്ത് റിട്ടയേഡ് ഔട്ടാകുകയായിരുന്നു.
സഞ്ജു മടങ്ങിയ ശേഷവും ജയ്സ്വാള്‍ അറ്റാക്കിങ് മോഡില്‍ തന്നെ തുടര്‍ന്നു. സിംഗിളും ഡബിളും ഇടയ്ക്കിടെ സിക്സറും ബൗണ്ടറിയും പറത്തി സ്കോര്‍വേഗം കൂട്ടി താരം. ഒടുവില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ലോങ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിടിച്ചു പുറത്താകുമ്പോള്‍ റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് സിക്സറും മൂന്ന് ബൗണ്ടറിയും ആ ഇന്നിങ്സിന് അകമ്പടിയേകി.
ജയ്സ്വാള്‍ പോയ ശേഷം ഇടങ്കയ്യന്‍ ബാറ്റര്‍ നിതീഷ് റാണ ബാറ്റണ്‍ ഏറ്റെടുത്തു. സീസണിലുടീളം മോശം ഫോമില്‍ തുടരുന്ന താരം ഇതാദ്യമായി താളം കണ്ടെത്തിയപ്പോള്‍ രാജസ്ഥാന്റെ വിജയസാധ്യതകള്‍ സജീവമായി തന്നെ തുടര്‍ന്നു. അര്‍ധസെഞ്ച്വറി നേടിയതിനു പിന്നാലെ സ്റ്റാര്‍ക്കിന്റെ മനോഹരമായ യോര്‍ക്കറില്‍ മറുപടിയില്ലാതെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി താരം പുറത്തായി. 28 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 51 റണ്‍സെടുത്താണ് റാണ പുറത്തായത്.
ക്രീസില്‍ സെറ്റായി നിന്ന ബാറ്റര്‍ പുറത്തായതോടെ മത്സരം ഡല്‍ഹിയുടെ കൈയിലായി. രാജസ്ഥാന് ഫിനിഷര്‍മാരായ ധ്രുവ് ജുറേലിനും ഷിംറോണ്‍ ഹെറ്റ്മെയറിനും ടീമിനെ വിജയതീരത്തെത്തിക്കാനുമായില്ല. ഡെത്ത് ഓവറിലെ സ്റ്റാര്‍ക്കിന്റെ രണ്ട് ഓവറുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്. 18-ാം ഓവറില്‍ റാണയുടെ വിക്കറ്റ് സഹിതം വെറും എട്ട് റണ്‍സാണ് താരം വിട്ടുനല്‍കിയത്.
അവസാന ഓവര്‍ എറിയാന്‍ സ്റ്റാര്‍ക്ക് എത്തുമ്പോള്‍ രാജസ്ഥാന് ഒന്‍പത് റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍, തുടരെ യോര്‍ക്കറുകളുമായി തന്റെ താരമൂല്യം തെളിയിച്ചു സ്റ്റാര്‍ക്ക്. പേരുകേട്ട ഫിനിഷറായ ഹെറ്റ്മെയറിന് അതിനുമുന്നില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു അവസരം വീണ്ടു കിട്ടിയത് വിന്‍ഡീസ് താരത്തിന് മുതലെടുക്കാനുമായില്ല.
നേരത്തെ, ടോസ് ഭാഗ്യം തുണച്ച സഞ്ജു സാംസണ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മയും ടീമിന് നല്‍കിയത്. ഡല്‍ഹി ഓപണര്‍ ഫ്രേസര്‍ മക്കര്‍ക്ക് ഒരിക്കല്‍കൂടി പരാജയമായി. ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് ഉയര്‍ത്തിയടിച്ച താരം ഒരിക്കല്‍കൂടി രണ്ടക്കം കാണാനാകാതെ പുറത്ത്. തൊട്ടുപിന്നാലെ വന്ന കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ സ്റ്റാര്‍ പന്തില്‍ കരുണ്‍ നായര്‍ വന്ന പോലെ തന്നെ മടങ്ങി. സംപൂജ്യനായാണ് ഇത്തവണ മലയാളി താരം പുറത്തായത്.
നാലാം വിക്കറ്റില്‍ ഒന്നിച്ച അഭിഷേക് പൊറേല്‍-കെ.എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് ആതിഥേയരെ വലിയൊരു തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. സ്കോര്‍ബോര്‍ഡില്‍ 57 പന്തില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണു സഖ്യം പിരിഞ്ഞത്. ആര്‍ച്ചര്‍ എറിഞ്ഞ ലെങ്ത്ത് ബാള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച രാഹുല്‍ ഡീപ്മിഡ്വിക്കറ്റില് ഷിംറോണ്‍ ഹെറ്റ്മെയര്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. 32 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സറുമായി 38 റണ്‍സെടുത്താണു താരം പുറത്തായത്. വനിന്ദു ഹസരംഗ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ റിയാന്‍ പരാഗ് പിടിച്ച് അര്‍ധസെഞ്ച്വറിക്ക് തൊട്ടരികെ അഭിഷേക് പൊറേലിന്റെ പോരാട്ടവും അവസാനിച്ചു. 37 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും സഹിതം 49 റണ്‍സെടുത്താണു താരം പവലിയനിലേക്കു തിരിഞ്ഞുനടന്നത്.
ഒടുവില്‍ നായകന് അക്സര്‍ പട്ടേലിന്റെയും(14 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 34) ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും(18 പന്തില്‍ രണ്ടുവീതം സിക്സറും ബൗണ്ടറിയും സഹിതം 34) നടത്തിയ വെടിക്കെട്ട് കാമിയോകളാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
രാജസ്ഥാന് ബൗളര്‍മാരില്‍ രണ്ടു വിക്കറ്റുമായി ജോഫ്ര ആര്‍ച്ചറാണു തിളങ്ങിയത്. മഹീഷ് തീക്ഷണയ്ക്കും വനിന്ദു ഹസരംഗയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.