ഊട്ടി/മലപ്പുറം: വിവാഹത്തിന്റെ നാലുദിവസം മുമ്പ് മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറത്തു നിന്നും കാണാതായ കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ കണ്ടെത്തി. ആറുദിവസം നീണ്ട തിരിച്ചിലിനൊടുവൽ ഊട്ടിയിൽ നിന്നാണ് നവവരനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
വിവാഹ ആവശ്യങ്ങൾക്കായി പണം സംഘടിപ്പിച്ചു വരാമെന്നു പറഞ്ഞ് ഈ മാസം നാലിനാണ് വിഷ്ണുജിത്ത് വീട്ടിൽനിന്നും ഇറങ്ങിയത്. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണ് യുവാവിന്റെ ജോലി. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാലക്കാട്ടുള്ള ഒരാളിൽനിന്നും പണം ലഭിച്ചെന്നും ബന്ധുവീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ല. ഫോൺ പരിധിക്കു പുറത്തായതോടെ, വ്യാഴാഴ്ച രാവിലെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈമാസം എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വർഷങ്ങളായുള്ള സുഹൃത്ത് മഞ്ചേരി സ്വദേശിനിയുമായിട്ടായിരുന്നു വിവാഹം. ഇന്നലെ രാത്രി എട്ടിന് സഹോദരി വിളിച്ചപ്പോൾ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയതാണ് കണ്ടെത്തുന്നതിൽ നിർണായക വഴിത്തിരിവായത്. ഫോൺ റിംഗ് ചെയ്‌തെങ്കിലും മറു പ്രതികരണങ്ങൾ ഒന്നുമില്ലാതെ കട്ടാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഫോൺ ലൊക്കേഷൻ ഊട്ടി കുനൂരിലാണെന്ന് കണ്ടെത്തി തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് കണ്ടെത്താനായത്. തമിഴ്‌നാട് പോലീസും മലപ്പുറം പോലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്നും കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും മലപ്പുറം എസ്.പി ശശിധരൻ അറിയിച്ചു.
സുഹൃത്ത് ശരത്തിന്റെ കൈിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ ശേഷമാണ് പോയതെന്ന് പറയുന്നു. യുവാവ് സ്വമേധയാ പോയതാണോ അതോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് പ്രതികരിച്ചു.