തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവിറക്കി.
ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് 2024 ആഗസ്ത് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും.
അഞ്ച് ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി വരെ നൽകാമെന്നാണ് മാർഗനിർദേശത്തിലുള്ളത്. അഞ്ചുദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരുമാസം രണ്ടുദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. ഇപ്രകാരം ലഭിക്കുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് സംഭാവന തുക സെപ്തംബറിൽ വിതരണം ചെയ്യുന്ന ആഗസ്ത് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. പി.എഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സർക്കാർ വ്യക്തമാക്കി.
സാലറി ചലഞ്ച് സംബന്ധിച്ച് സർവ്വീസ് സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു. കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിന് വേണമെന്നും ഇതിലേക്കായി പത്തുദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ചുദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിൽ എത്തിക്കുകയായിരുന്നു. ഒപ്പം ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും സർവ്വീസ് സംഘടനകൾ ആവശ്യപ്പെടുകയുണ്ടായി. താൽപര്യമുള്ളവരിൽ നിന്ന് തുക ഈടാക്കാമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സർക്കാർ ഉത്തരവ്.