മലപ്പുറം– ജില്ലാ പോലീസ് സൂപ്രണ്ടിനെ വിമർശിച്ചതിൽ തെല്ലും കുറ്റബോധമില്ലെന്നും മാപ്പു പറയേണ്ട കാര്യമില്ലെന്നും പി.വി അൻവർ എം.എൽ.എ. പോലീസ് വകുപ്പിൽ ഇദ്ദേഹം കാട്ടിക്കൂട്ടുന്നത് നീതിബോധമില്ലാത്ത കാര്യങ്ങളാണെന്നും അൻവർ പറഞ്ഞു. എസ്.പിയുടെ പ്രവൃത്തി കൈക്കൂലി വാങ്ങുന്നതിലും അപ്പുറമാണ്. മലപ്പുറത്ത് കൂടുതൽ പെറ്റിക്കേസുകൾ എടുക്കണം എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഇദ്ദേഹം ഒരു നല്ല പോലീസ് ഓഫീസറാണ് എന്ന് അഭിപ്രായമില്ല. പൂജ്യം മാർക്കാണ് അദ്ദേഹത്തിന് നൽകാനുള്ളത്.
സംഘാടകർ പത്തരമണിയാണ് സമയം പറഞ്ഞത് എന്ന് എസ്.പി പറഞ്ഞത് കള്ളമാണ്. 10.39നാണ് എസ്.പി എത്തിയത്. അതിലൊന്നും വലിയ പ്രശ്നമില്ല. ജോലി തിരക്കിന്റെ ഭാഗമായല്ല എസ്.പി വൈകിയത്. എം.എൽ.എമാരെയും മന്ത്രിമാരെയും എസ്.പിക്ക് പുച്ഛമാണ്. അത് അംഗീകരിക്കാനാകില്ല. ഞങ്ങളാണ് ഇവിടെയുള്ള വലിയവർ എന്ന ധാരണ ഉദ്യോഗസ്ഥർക്ക് പാടില്ല. ജനങ്ങളുടെ വിഷയത്തിൽ എം.എൽ.എമാർക്ക് ഇടപെടേണ്ടി വരുമെന്നും എം.എൽ.എ പറഞ്ഞു.
പറഞ്ഞതിൽ ഒരു തരത്തിലുള്ള കുറ്റബോധവുമില്ല. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ വൃത്തിക്കെട്ട രീതിയെ അംഗീകരിക്കാനാകില്ല. ജനങ്ങളുടെ കാര്യം ജനപ്രതിനിധികൾ പറയുമ്പോൾ അത് കേൾക്കേണ്ടി വരും. ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും. എസ്.പി ഒട്ടേറെ ഉയർന്ന ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിട്ടുണ്ട്. കഞ്ചാവ് ലോബിയുമായി ചേർന്ന് പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ പ്രവർത്തിക്കുന്നു എന്നാണ് എസ്.പി പറഞ്ഞത്. അങ്ങിനെ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനെ ട്രാൻസ്ഫർ ചെയ്യുകയല്ല, പിരിച്ചുവിടുകയാണ് വേണ്ടത്. തന്റെ വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണ്.
സാഡിസ്റ്റാണ് മലപ്പുറം എസ്.പി. കൺഫേംഡ് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അതിന്റെ അപകർഷതാ ബോധമാണ് എസ്.പിക്കുള്ളത്. താഴെയുള്ള പോലീസ് ഉദ്യോഗസ്ഥരെ അംഗീകരിക്കാൻ എസ്.പി തയ്യാറാകുന്നില്ല. ഇനിയും ഇത് ആവർത്തിച്ചാൽ ഓഫീസിൽ കയറി ചോദിക്കുമെന്നും പി.വി അൻവർ മുന്നറിയിപ്പ് നൽകി.
മലപ്പുറം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും എസ്.പിക്ക് എതിരെ രോഷമുണ്ട്. ഗവൺമെന്റിനെ മോശമാക്കാനാണ് എസ്.പി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് എന്നാണ് എസ്.പിയുടെ നീക്കം. ആവശ്യമെങ്കിൽ പരസ്യമായ പ്രതിഷേധത്തിലേക്ക് വരുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. കാന്റീനിൽ പോയി കഞ്ഞിയും ഉണക്കമീനും കഴിച്ചാൽ നല്ല ഓഫീസറാകില്ല. വീട്ടിൽ പോയിട്ട് നീതി നടപ്പാക്കിയിട്ട് എന്ത് കാര്യമെന്നും അൻവർ ചോദിച്ചു.
അതേസമയം, ഐ.പി.എസ് അസോസിയേഷൻ അൻവറിന് എതിരെ രംഗത്തെത്തി. ജില്ലാ പോലിസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇടത് എം.എല്‍.എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്നും സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരേ ശക്തമായി പ്രതികരിക്കണമെന്നും അസോസിയേഷന്‍ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും നല്‍കണമെന്നും അസോസിയേഷന്‍ ഭാരവാഹികളോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്നലെ മലപ്പുറത്ത് നടന്ന് ജില്ലാ പൊലിസ് അസോസിയേഷന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് മലപ്പുറം എസ്.പി എസ്. ശശിധരനെ വേദിയിലിരുത്തി രൂക്ഷഭാഷയില്‍ പി.വി അന്‍വര്‍ വിമര്‍ശിച്ചത്.