തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പിണറായി സർക്കാറിന്റെ തെറ്റുകൾ തിരുത്താൻ സി.പി.എമ്മിൽ ശക്തമായ ഇടപെടൽ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഭീമമായി ഉയർത്തിയ നടപടി സർക്കാർ പുനഃപ്പരിശോധിക്കും.
കെട്ടിട നിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയിൽ ഞെട്ടിപ്പിക്കുന്ന വൻ വർധനവായിരുന്നു 2023 ഏപ്രിലിൽ സംസ്ഥാന സർക്കാർ വരുത്തിയത്.
അപേക്ഷാ ഫീസ് 50 രൂപയിൽനിന്ന് ആയിരം രൂപയാക്കുകയും പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 ആക്കുകയുമുണ്ടായി. വലിയ വീടുകൾക്കിത് 1750 രൂപയിൽ നിന്ന് 25,000 രൂപയായും വർധിപ്പിച്ചു. സാധാരണ ജനങ്ങൾ അടക്കമുള്ളവരെ നേരിട്ട് ബാധിക്കുന്ന നിരക്കു വർധനയ്‌ക്കെതിരേ വൻ ജനവികാരം ഉയർന്നെങ്കിലും പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കാതെ ന്യായീകരിക്കുന്ന സമീപനമായിരുന്നു സർക്കാർ തുടക്കംമുതലേ സ്വീകരിച്ചത്.
ദീർഘകാലമായി വർധന വരുത്തിയിട്ടില്ലെന്ന ന്യായീകരണവുമായാണ് സർക്കാർ പ്രതിഷേധങ്ങളെ നേരിട്ടത്. ഒപ്പം മറ്റു ചില സംസ്ഥാനങ്ങളിലെ ഫീസുകളെ താരതമ്യപ്പെടുത്തി ഇവിടെ കുറവാണെന്ന് സ്ഥാപിക്കാനും ശ്രമിക്കുകയുണ്ടായി. എന്നാൽ, അത്തരം കുറവുള്ള സംസ്ഥാനങ്ങളിലെ മറ്റു വിലക്കുറവുകൾ ചൂണ്ടാക്കാണിച്ചപ്പോൾ കൈമലർത്തുകയുമായിരുന്നു. എന്തായാലും, ജനങ്ങളുടെ മേൽ അധികബാധ്യത അടിച്ചേൽപ്പിച്ച ജനവിരുദ്ധ തീരുമാനത്തിൽനിന്നും എങ്ങനെ മുഖം രക്ഷിക്കാം എന്ന ഗവേഷണത്തിലാണ് സർക്കാറിപ്പോൾ. അതിനുള്ള കർശനമായ നിർദേശമാണ് പാർട്ടിയിൽനിന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിൽകിയതെന്നാണ് വിവരം.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കാനാവശ്യമായ തിരുത്തൽ പ്രക്രിയകൾ വേഗത്തിൽ വേണമെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം പാർട്ടിയെയും ഇടത് മുന്നണിയെയും കാത്തിരിക്കുന്നത് വൻ തിരിച്ചടിയാവുമെന്നും സി.പി.എം ബ്രാഞ്ച്, ലോക്കൽ, ഏരിയാ, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ശക്തമായ അഭിപ്രായം ഉയർന്നിരുന്നു. ഇത് വളരെ ഗൗരവത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group