- പാറക്കൽ പെണ്ണിന്റെ ‘കോന്തലക്കിസ്സകൾ’ക്കായി നാട് ഒഴുകി
മലബാറിലെ മാപ്പിളപ്പെണ്ണുങ്ങളെ ‘അകത്തളത്തിലെ റാണിമാരാ’യി തളച്ചിട്ടപ്പോൾ കാരശ്ശേരിയിലെയും മുക്കത്തെയും പെണ്ണുങ്ങൾ ഖിലാഫത്ത് പ്രക്ഷോഭത്തിലടക്കം പങ്കാളികളായി എന്നത് അതിശയമായി തോന്നി. കാരണം, ഇപ്പോഴും സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ മറകെട്ടി തിരിക്കുന്ന കല്യാണങ്ങൾക്കും സമ്മേളനങ്ങൾക്കും ഞാൻ സാക്ഷിയാണ്. ഈ മുക്കത്തുതന്നെ ഒരു ബന്ധുവിവാഹത്തിൽ വരന്റെ കൂട്ടരോടൊപ്പം വന്ന സ്ത്രീകളായ ഞങ്ങളെ മുന്നിൽ കണ്ട് നിക്കാഹ് ചെയ്യാനെത്തിയ ഉസ്താദ് ക്ഷോഭിച്ച് ചാടുകയുണ്ടായി.
(മുക്കം) കോഴിക്കോട്: പെൺ പോരാട്ടത്തിന്റെ അതിശയിപ്പിക്കുന്ന കഥകളാണ് ‘കോന്തലക്കിസ്സകളെ’ന്ന് പ്രശസ്ത നോവലിസ്റ്റ് ബി.എം സുഹ്‌റ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചപ്പോൾ ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്ന ഒരു എഴുത്തുകാരി എന്ന നിലയ്ക്ക് ഗ്രന്ഥകാരി പുസ്തകത്തിൽ കുറിച്ച പല കാര്യങ്ങളും അതിശയിപ്പിക്കുന്നതായി അവർ പറഞ്ഞു. കോഴിക്കോട് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കക്കാട് സ്വദേശി ആമിന പാറക്കലിന്റെ ‘കോന്തലക്കിസ്സകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ.
ആമിനയുടെ നാട്ടിലെ സ്ത്രീകൾക്ക് ഇത്രയും സ്വാതന്ത്ര്യമുണ്ടായിരുന്നോ എന്നത് എന്നിൽ സംശയമുണർത്തി. മലബാറിലെ മാപ്പിളപ്പെണ്ണുങ്ങളെ ‘അകത്തളത്തിലെ റാണിമാരാ’യി തളച്ചിട്ടപ്പോൾ കാരശ്ശേരിയിലെയും മുക്കത്തെയും പെണ്ണുങ്ങൾ ഖിലാഫത്ത് പ്രക്ഷോഭത്തിലടക്കം പങ്കാളികളായി എന്നത് അതിശയമായി തോന്നി. കാരണം, ഇപ്പോഴും സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ മറകെട്ടി തിരിക്കുന്ന കല്യാണങ്ങൾക്കും സമ്മേളനങ്ങൾക്കും ഞാൻ സാക്ഷിയാണ്. ഈ മുക്കത്തുതന്നെ ഒരു ബന്ധുവിവാഹത്തിൽ വരന്റെ കൂട്ടരോടൊപ്പം വന്ന സ്ത്രീകളായ ഞങ്ങളെ മുന്നിൽ കണ്ട് നിക്കാഹ് ചെയ്യാനെത്തിയ ഉസ്താദ് ക്ഷോഭിച്ച് ചാടുകയുണ്ടായി.
75 വർഷങ്ങൾക്കു മുമ്പ് ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങൾ മലമുകളിലും പാറകളിലുമിരുന്ന് കിസ്സകൾ പങ്കിടുന്നു, പാറപ്പുറത്ത് നെല്ല് കുത്തുന്നു, പന മുറിക്കുമ്പോൾ പോലും പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുക്കുന്നു, എല്ലാറ്റിലുമുപരി ബ്രിട്ടീഷ് പട്ടാളത്തിനെതിരേ സ്ത്രീകൾ രംഗത്തുവന്നതെല്ലാം എന്നിൽ അതിശയവും സന്തോഷവുമുളവാക്കി.
പള്ളിയിൽ അതിക്രമിച്ചുകയറി അവിടുത്തെ അലങ്കാരവിളക്കുകൾ തച്ചുതകർത്ത് ക്ലോക്കെടുത്ത് പോകാൻ ശ്രമിച്ച പട്ടാളക്കാർക്കു മുമ്പിൽ ‘എന്റെ മയ്യിത്ത് ചവിട്ടിയെ നിങ്ങൾക്കു പോകാനാകൂവെന്ന് പറഞ്ഞ്’ തടഞ്ഞ പെൺവീര്യം അടക്കമുളള അതിശയപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്. വടക്കേ മലബാറിലെ മാപ്പിളപ്പണ്ണുങ്ങൾക്ക് ആൺതുണയില്ലാതെ വീടിന് പുറത്തിറങ്ങാൻ സ്വാതന്ത്ര്യമില്ലാത്ത കാലത്താണിതെന്നും അവർ ഓർമിപ്പിച്ചു.
എഴുത്തുകാരാവാൻ വലിയ വിദ്യാഭ്യാസമൊന്നും വേണ്ട. മലയാളസാഹിത്യത്തിൽ പ്രൊഫസറോ ഡോക്ടറേറ്റോ മറ്റു യോഗ്യതകളും ആവശ്യമില്ല. സർഗാത്മകതയുടെ ഒരു കനൽ മതി. ആ കനൽ തരി ആമിനയുടെ കഥകളിലുണ്ട്. അത് ഊതി ഊതി കത്തിക്കട്ടെ. സാവകാശം കൊടുത്ത് കഴിവിനെ വളർത്തിയെടുക്കണം.
കടുത്ത രോഗാവസ്ഥയിലും ഉറക്കമൊഴിച്ചാണ് ആമിന ആരെയും കാണിക്കാതെ ജീവിതകഥകൾ എഴുതിയത്. ശാന്തസുന്ദരമായ മലയോര ഗ്രാമത്തിന്റെ ജീവിതമാണതിൽ കോറിയിട്ടത്. നാട്ടുകാരുടെ കിസ്സകളാണ് അവർ വിഷയമാക്കിയത്. ഇനി വീട്ടുകാരുടെ കിസ്സകൾ എഴുതിയാൽ ചിലപ്പോൾ മിത്രങ്ങൾ ശത്രുക്കളാവും, ബന്ധുക്കൾ അന്യരാവും; ഉറ്റവർ കണ്ടാൽ മുഖം തിരിക്കും. ഇത് എന്റെ അനുഭവ വെളിച്ചമാണ്. ഇതെല്ലാം നേരിടാൻ സാധിച്ചത് എഴുത്തിന്റെ കരുത്തിലാണ്. നാലുപതിറ്റാണ്ടു കാലമായി സാഹിത്യരംഗത്തുണ്ട്. അനീതിക്കെതിരെ എഴുതിയതിയതിൽ പല എതിർപ്പുകളും നേരിട്ടിട്ടുണ്ട്. അതെല്ലാം നേരിടാൻ എഴുത്താണ് എനിക്ക് കരുത്ത് പകർന്നത്.
മനോഹരമായ ഈ ഗ്രാമത്തിൽ നിൽക്കുമ്പോൾ വയനാട്, വിലങ്ങാട് ദുരന്തങ്ങൾ ഓർത്ത് എന്റെ മനസ്സ് നോവുകയാണ്. നേരം ഇരുട്ടി വെളുക്കും മുമ്പേ ഉറ്റവരും ഉടയവരുമെല്ലാം നഷ്ടമായി, ക്യാമ്പുകളിൽ കണ്ണീരുമായി കഴിയുന്ന എത്രയോ പേർ. അവർക്ക് വേണ്ടി പ്രാർത്ഥിക്കണം. പുനരധിവാസത്തിന് സർക്കാർ മാത്രം വിചാരിച്ചാൽ മതിയാവില്ല. നാം ഒരോരുത്തരും കഴിയുന്നത്ര സഹായങ്ങൾ ചെയ്യണമെന്നും അവർ ഓർമിപ്പിച്ചു.
പുസ്തകം സാംസ്‌കാരിക പ്രവർത്തകനും ദുബൈയിലെ വ്യവസായ സംരംഭകനുമായ സുധീർ കെ നായർ ഏറ്റുവാങ്ങി. ഈ ഉമ്മ എഴുതിയതെല്ലാം ഹൃദയത്തിൽ നിന്നാണെന്നും പാറകളെ ഇഷ്ടപ്പെട്ടത് ഈ പുസ്തകം വായിച്ച ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. പൂളോണമ്മയും അബു മാഷുമെല്ലാം നന്മ മരങ്ങൾ മരിക്കുന്നില്ലെന്നതിന്റെ ഓർമപ്പെടുത്തലാണെന്നും സുധീർ കെ നായർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ എഴുത്തുകാരനും പ്രചോദന പ്രാസംഗികനുമായ പി.എം.എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. വാക്കുകൾ പിടിച്ചുനിൽക്കാനുള്ള ഇന്ധനമാണെന്നും അക്ഷരങ്ങൾ കൊണ്ട് ഇന്ദ്രജാല അനുഭവങ്ങളാണ് ആമിന ഉമ്മ കോറിയിട്ടതെന്നും ഗഫൂർ ചൂണ്ടിക്കാട്ടി.
ഇത് ഇങ്ങനെ പുസ്തകമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് എന്റെ മോൻ തൗഫീഖിന്റെ കണ്ണിൽ പെട്ടതുകൊണ്ടാണ് ഈ കൃതി വെളിച്ചം കണ്ടതെന്നും ആറാംക്ലാസിൽ സ്‌കൂൾ വിദ്യാഭ്യാസം നിർത്തിയ 70-കാരിയായ ആമിന ഉമ്മ പറഞ്ഞു. 23 വർഷമായി വിവിധ ഡയറി കുറിപ്പുകളിൽ കുറിച്ച ഓർമകളും അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്.
‘ഇത് ങ്ങനെ വരും ന്ന് ഞാൻ കരുതിയതേയില്ല. നാലാൾ അറിയണ്ട…എന്റെ എഴുത്ത് വളരെ മോശമാണ്. ഞാൻ ല്ലാതാവുമല്ലോ. അപ്പോൾ ഓല് എടുത്ത് വായിച്ചോട്ടേ ന്നാണ് കരുതിയത്. അപ്പോഴാണ് ഒരുദിവസം വീട് വൈറ്റ് വാഷ് ചെയ്യുമ്പോൾ ആധാരം പോലെയുള്ള കുറിപ്പടികൾ മൂത്ത മോന്റെ ശ്രദ്ധയിൽ പെട്ടത്. അവനത് വായിച്ച് പ്രോത്സാഹിപ്പിച്ചു. അങ്ങനെ ബാക്കിയുള്ളതും അവന്റെ കണ്ണിൽ പെട്ടു. അവനത് എന്റെ സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെല്ലാം ഫോട്ടെയെടുത്ത് അയച്ചുകൊടുത്തതോടെയാണ് കാര്യങ്ങൾ ഇവ്വിധമെല്ലാം എത്തിയതെന്നും ഈ നാട് നൽകിയ സ്‌നേഹവും പിന്തുണയും മറക്കില്ലെന്നും ആമിന പാറക്കൽ വ്യക്തമാക്കി.
ഗ്രാമീണ ജീവിതത്തിന്റെ നന്മകളും അതിജീവന പോരാട്ടങ്ങളും ഇതിവൃത്തമാക്കിയുള്ള കഥയെഴുത്തിന് ഗ്രന്ഥകാരിയുടെ ജ്യേഷ്ഠസഹോദരന്റെ മകൻ കൂടിയായ ആർക്കിടെക്ട് പി ജാഫറലിയുടെ ചിത്രാവിഷ്‌കാരം പുസ്തകത്തെ ഏറെ മനോഹരമാക്കിയിട്ടുണ്ട്. പ്രായത്തിന്റെ വിവശതകൾക്കിടയിലും പുസ്തകത്തിലെ കഥാപാത്രമായ ഇത്തീരുമ്മ കാരശ്ശേരി ചടങ്ങിലെത്തി പഴയ ഈരടികൾ അതിമനോഹരമായി ഓർത്തെടുപ്പോൾ ഒഴുകിയെത്തിയ സദസ്സത് ഏറ്റുചൊല്ലിയത് പരിപാടിക്ക് മാറ്റ് കൂട്ടി.
വെള്ളരിമലയിൽ നിന്ന് ഒഴുകിയെത്തിയ ഇരുവഴിഞ്ഞിപ്പുഴയിലെ കുഞ്ഞോളങ്ങൾ ഇന്നലെ കാരശ്ശേരി ചീപ്പാൻകുഴി കഴിഞ്ഞ് കക്കാടിൽ എത്തിയപ്പോൾ പരന്നൊഴുകുകയായിരുന്നു. ഒരു നാട് ഒന്നടങ്കം ഒരു പുസ്തകപ്രകാശനം ആവേശമാക്കി സ്വീകരിച്ച അത്യപൂർവ്വ കാഴ്ചയായിരുന്നു അത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം പ്രായവും അവശതകളുമെല്ലാം മാറ്റിവെച്ച് ഒരു നാടിന്റെ കഥകളുടെ കെട്ടഴിക്കാൻ വെമ്പിയ സുന്ദരമുഹൂർത്തം.
വീട്ടുകാരും നാട്ടുകാരും ‘പെണ്ണ്’ എന്ന് വിളിക്കുന്ന പാറക്കലെ പെണ്ണിന്റെ പെണ്ണെഴുത്തിന്റെ മനോഹരമായ പുസ്തകം കെട്ടഴിച്ചപ്പോൾ ഒരു നാടും ജനതയും ഹൃദയംകൊണ്ടത് സ്വീകരിക്കുകയായിരുന്നു. എം.ടിയുടെയും എൻ.പി മുഹമ്മദിന്റെയും അറബിപ്പൊന്ന് വായിച്ചവർ ഇനി പുതുതലമുറയോട് ചോദിക്കുക നിങ്ങൾ പാറക്കൽ പെണ്ണിന്റെ കോന്തലക്കിസ്സകൾ വായിച്ചോ? എന്നായിരിക്കും. അത്രമാത്രം ഹൃദ്യമായാണ് പെണ്ണ് അനുഭവങ്ങളുടെ തീ പടർത്തിയത്.
വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവത സി.ഇ.ഒ ഹാറൂൻ കക്കാട് പുസ്തകം പരിചയപ്പെടുത്തി. കഥാകൃത്തിനെയും കഥാപാത്രങ്ങളെയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ആദരിച്ചു. ആമിന പാറക്കൽ, ഇത്തീരുമ്മ കാരശ്ശേരി, ചെറിയക്കൻ കരിമ്പാലൻ കുന്നത്ത്, എം.ടി മുഹമ്മദ് ഹാജി, പി.എം മുഹമ്മദ് മൗലവി എന്നിവരാണ് ആദരവിന് അർഹരായത്.
ഹുസൈൻ കക്കാട്, ജാനിസ് ജോസഫ്, അഡ്വ. ബുഷ്‌റ വളപ്പിൽ, പി.ടി കുഞ്ഞാലി മാസ്റ്റർ, ബന്ന ചേന്ദമംഗല്ലൂർ, പി സാദിഖലി മാസ്റ്റർ, ടി.പി അബൂബക്കർ, റിയാസ് തോട്ടത്തിൽ പ്രസംഗിച്ചു. ടി.പി.സി മുഹമ്മദ് ഹാജി, സി.ടി അബ്ദുറഹീം, സലാം കൊടിയത്തൂർ, ടി അഹമ്മദ് മാസ്റ്റർ, ജി അബ്ദുൽ അക്ബർ, പി ബഷീർ മദനി, എം.പി അസൈൻ മാസ്റ്റർ, ജി അബൂബക്കർ, എം അഹമ്മദ് കുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ പാറക്കൽ, ഹാസിർ എം.ടി തുടങ്ങിയവർ സംബന്ധിച്ചു.