തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന പ്രതിയുടെ വാദം തള്ളിയാണ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി അനിൽകുമാറിന്റെ വിധി.
പ്രതിക്കൂട്ടിൽനിന്ന പ്രതിയെ കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തിയത്. ശ്രീരാമിനെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279 (അശ്രദ്ധമായി മനുഷ്യജീവന് ആപത്താകും വിധം പൊതുനിരത്തിൽ വാഹനമോടിക്കൽ), 304 (മനപൂർവമുള്ള നരഹത്യ), 201(തെളിവുകൾ നശിപ്പിക്കൽ, തെറ്റായ വിവരം നല്കൽ), മോട്ടോർ വാഹന നിയമത്തിലെ 184(മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയത്.
എന്നാൽ, ശ്രീറാമിന്റെ രക്തസാമ്പിൾ എടുക്കാൻ വൈകിയത് മൂലം മദ്യപിച്ച് വാഹനമോടിച്ചു എന്നതിന് തെളിവില്ലാത്തതിനാൽ മോട്ടോർ വാഹന നിയമത്തിലെ 185 വകുപ്പ് പ്രതിക്ക് മേൽ ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം ആറിന് പരിഗണിക്കും. വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കൂടുതൽ തെളിവുകളുണ്ടെങ്കിൽ സെപ്തംബർ ആറിനകം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിൽ ശ്രീറാം വെങ്കിട്ടരാമൻ തുടർച്ചയായി ഹാജരാകാതിരുന്നതിനാൽ കുറ്റപത്രം വായിക്കുന്നത് പല തവണ കോടതി മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിയെ വാക്കാൽ ശാസിച്ച കോടതി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ശ്രീറാം കോടതിയിൽ നേരിട്ടെത്തിയത്.
2019 ആഗസ്ത് മൂന്നിന് പുലർച്ചെ ഒരുമണിയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ച് പെൺസുഹൃത്തിനോടൊപ്പം വാഹനം ഓടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീർ കൊല്ലപ്പെട്ടത്. പിന്നീട് തന്റെ പദവികൾ ദുരുപയോഗപ്പെടുത്തി നിർണായക തെളിവുകൾ ഇല്ലാതാക്കാൻ പ്രതിക്കു സാധിച്ചിരുന്നു. ഗുരുതരമായ പോലീസ് വീഴ്ചയുണ്ടായത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് രൂക്ഷമായ വിമർശം ഉയർന്നിരുന്നു.