തൃശൂർ: ലൈംഗികാതിക്രമ കേസിൽ നടൻ മുകേഷ് എം.എൽ.എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്ത്. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നല്കിയതായി മുൻ എം.എൽ.എ കൂടിയായ അനിൽ അക്കര പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എന്നും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി ഇവർ മത്സരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
അതിനിടെ, മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ സി.പി.എമ്മിനു മേൽ സമ്മർദ്ദം കടുക്കുകയാണ്. ലൈംഗികാരോപണ കേസിലുൾപ്പെട്ട രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ മറപിടിച്ചാണ് മുകേഷും രാജിവെക്കേണ്ടതില്ലെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ന്യായീകരിക്കുന്നത്. എന്നാൽ, കോൺഗ്രസ് ചെയ്ത തെറ്റിന് മറ്റൊരു തെറ്റ് ആവർത്തിക്കുകയല്ല, തിരുത്തൽ പ്രക്രിയയാണ് ആവശ്യമെന്ന് സ്ത്രീപക്ഷത്തു നിൽക്കുന്ന നീതിബോധമുള്ളവർ ഓർമിപ്പിക്കുന്നു. ഇന്നലെ കേസ് പരിഗണിച്ച കോടതി നടൻ മുകേഷിനെ അഞ്ചുദിവസം അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്.
അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിന്റെ പൂർണ രൂപം:
നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തിൽ ആരോപണ വിധേയായ എറണാകുളം സ്‌പെഷ്യൽ ജഡ്ജ് ഹണി എം വർഗീസ് ആണ് ഇപ്പോൾ മുകേഷ് എംഎൽഎയ്‌ക്കെതിരായ ലൈംഗിക പീഡന കേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചതും.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന്റെ മകളും പണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ജഡ്ജ് ഹണി എം വർഗീസ് ഈ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂർവമാകില്ല.
ആയതിനാൽ ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റി നീതിപൂർവമായി ഉത്തരവ് ഉണ്ടാകാൻ താൽപ്പര്യപ്പെടുന്നു.