കൊച്ചി: ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപോർട്ട് പുറത്തുവിടുന്നതിനു ഹൈക്കോടതി വിലക്ക്. റിപോർട്ട് സർക്കാർ പുറത്തുവിടാൻ എണ്ണപ്പെട്ട മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേയുണ്ടായത്. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി.
ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പി.എം മനോജ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിവരങ്ങൾ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനത്തിന് കാരണമാകുമെന്നാണ് ഹർജിക്കാരന്റെ വാദം. കമ്മിറ്റി റിപോർട്ടിൽ പേരുള്ളവരുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്നും റിപോർട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹരജിയിലുണ്ട്. എന്നാൽ, ഈ വാദത്തെ സാംസ്‌കാരിക വകുപ്പ് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലൻ തള്ളി.
ഹർജിക്കെതിരെ വിവരാവകാശ കമ്മിഷനും രംഗത്തെത്തി. കമ്മിഷൻ ഹർജിക്കാരന്റെ സാക്ഷി മൊഴി എടുത്തിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് സജിമോന് ഹേമ കമ്മിറ്റി റിപോർട്ടിലെ വിവരങ്ങൾ ലഭിച്ചതെന്നും വിവരാവകാശ കമ്മിഷൻ ചോദിച്ചു. ഹർജിയിൽ പൊതു താൽപര്യമല്ല, മറ്റാർക്കോ വേണ്ടിയാണ് സജിമോൻ സംസാരിക്കുന്നതെന്നും വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ഈ നിലപാടിനോട് സർക്കാറും യോജിച്ചു.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവിടാൻ സർക്കാർ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങൾ കൊടുക്കാനായിരുന്നു നിർദേശം. എന്നാൽ, കോടതി ഉത്തരവ് പാലിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group