കണ്ണൂർ – തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ സി. പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമീപ വാസികൾ. പാർട്ടി ഗ്രാമമായ എരഞ്ഞോളിയിൽ ബോംബ് നിർമ്മാണം നിർബാധം നടക്കുന്നുണ്ടെന്നും ഭയം മൂലമാണ് പലരും പറയാൻ തയ്യാറാവാത്തതെന്നും സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീന മാധ്യമ പ്രവർത്തകരോട വെളിപ്പെടുത്തി.
പ്രദേശത്ത് പതിവായി ബോംബ് നിർമാണം നടക്കുന്നതായും പലതവണ പറമ്പുകളിൽ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും സീന പറഞ്ഞു. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. പാർട്ടിക്കാർ പോലീസ് എത്തും മുമ്പ് പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാൽ അവരുടെ വീടുകളിൽ ബോംബ് എറിയും. പിന്നെ ജീവിക്കാൻ അനുവദിക്കില്ല.
ഞങ്ങൾ സാധാരണക്കാരാണ്. ഞങ്ങൾക്ക് ജീവിക്കണം. ഒരാൾ മരിച്ചതു കൊണ്ട് മാത്രമാണ് ഈ സംഭവം പുറത്തറിഞ്ഞത്. ഇന്നലെ മരിച്ചത് ഒരു സാധാരണക്കാരനാണ്. ഞങ്ങൾക്ക് ഭയമില്ലാതെ ജീവിക്കണം.
പേടിച്ച് തന്നെയാണ് ഇതെല്ലാം ഇപ്പോഴും പറയുന്നത്. ഞങ്ങളുടെ കുട്ടികൾക്ക് പറമ്പിലൂടെ കളിച്ച് നടക്കാൻ കഴിയണം’- സീന മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ ഡി. ഐ. ജി യുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഉപേക്ഷിച്ചതും സൂക്ഷിച്ചതുമായ ബോംബുകൾ കണ്ടെത്തുന്നതിനായി വ്യാപകമായി റെയ്ഡ് നടത്താനാണ് തീരുമാനം.
ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തലശ്ശേരി എരഞ്ഞോളിയിൽ കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ക്രിമിനൽ സംഘങ്ങൾ കൊണ്ടുവന്നു സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ
തലശ്ശേരി, ന്യൂമാഹി, കൂത്ത് പറമ്പ് എന്നിവിടങ്ങളിലാണ് പോലീസ് ശക്തമായ പരിശോധന നടത്തുന്നത്. ജില്ലയിലെ സംഘർഷ ബാധിത മേഖലകളാണ് ഇത്. പ്രദേശങ്ങളിൽ ആൾപ്പാർപ്പ് ഇല്ലാത്ത പറമ്പുകളും വീടുകളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധന.
സാധാരണയായി ആളൊഴിഞ്ഞ വീടുകളിൽ ആണ് ബോംബുകൾ നിർമ്മിക്കുക. ഇവ പിന്നീട് ആളൊഴിഞ്ഞ പറമ്പുകളിൽ സൂക്ഷിക്കുകയാണ് ബോംബ് നിർമ്മാണ സംഘങ്ങളുടെ രീതി. ഇതേ തുടർന്നാണ് പോലീസ് ആളൊഴിഞ്ഞ പറമ്പുകളും വീടുകളും കേന്ദ്രീകരിച്ച് പരിശോന നടത്തുന്നത്. പരിശോധന നടത്തേണ്ട സ്ഥലങ്ങളുടെ പട്ടിക ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു.
വേലായുധൻ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപത്തെ ദിവസമാണ് ബോംബ് പറമ്പിൽ കൊണ്ടിട്ടത് എന്നാണ് പോലീസ് നിഗമനം. വേലായുധൻ പതിവായി പറമ്പിൽ എത്തി തേങ്ങ പെറുക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ അപ്രതീക്ഷിതമായി വസ്തു പറമ്പിൽ നിന്നു ലഭിക്കുന്നത്. ഇത് എന്തെന്ന് അറിയുന്നതിന് വേണ്ടിയാണ് വേലായുധൻ തുറന്ന് നോക്കിയത് എന്നും പോലീസ് പറഞ്ഞു. ബോംബ് എങ്ങിനെ ഇവിടെയെത്തി എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് നിലവിലെ അന്വേഷണം. പ്രദേശത്തെ ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടനം നടന്ന പറമ്പിലും വീട്ടിലും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട ഈ പ്രദേശം സി. പി. എം ശക്തി കേന്ദ്രമാണ്.