തിരുവനന്തപുരം: വംശീയ ലക്ഷ്യത്തോടെ ബിജെപി സർക്കാർ പടച്ചുണ്ടാക്കിയ വഖ്ഫ് ഭേദഗതി സ്വീകാര്യമല്ലെന്നും പാർലമെൻ്റിൽ പാസ്സാക്കിയാൽ അതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിക്കെതിരായ നിയമപോരാട്ടത്തിനുള്ള എല്ലാ തയ്യാറെടുപ്പും പാർട്ടി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് സ്വത്തുക്കൾ നിയമത്തിൻ്റെ പഴുതിലൂടെ തട്ടിയെടുക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യം വെച്ച് ദാനം ചെയ്ത സ്വത്തുക്കളാണ് വഖ്ഫ് സ്വത്തുക്കൾ. ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ഭീകരനിയമങ്ങൾ പടച്ചുണ്ടാക്കുമ്പോഴെല്ലാം ആവർത്തിക്കുന്ന പതിവ് പല്ലവിതന്നെയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു ഇത്തവണവയും പറയുന്നത്. മുസ്‌ലിംകളിലെ പാവപ്പെട്ടവരെ സഹായിക്കാനാണ് ഭേദഗതി എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മതാടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കാൻ സി എഎ കൊണ്ടുവന്നപ്പോഴും മുസ്ലിംകൾക്ക് മാത്രം ക്രിമിനൽ കേസ് വിധിക്കുന്ന മുത്വലാഖ് കൊണ്ടുവന്നപ്പോഴും ഇതു തന്നെയായിരുന്നു അവകാശവാദം. വഖ്ഫ് നിയമ ഭേദഗതിക്കു പിന്നിൽ തികഞ്ഞ വംശീയ താൽപ്പര്യങ്ങളാണെന്ന് ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. വഖ്ഫ് ഭേദഗതി ബില്ലിനെ മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെടുത്തുന്നത് ദുഷ്ടലാക്കും വസ്തുതാ വിരുദ്ധവുമാണ്. തെറ്റിദ്ധാരണ പരത്തി അനുകൂല സാഹചര്യമൊരുക്കാനാണ് സംഘപരിവാരം മുനമ്പം വഖ്‌ഫ് ഭൂമി വിഷയത്തെ പുതിയ ഭേദഗതിയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത്.
ബിജെപി അധികാരത്തിയ ശേഷം ചുട്ടെടുത്ത നിയമങ്ങളിൽ ഭൂരിപക്ഷവും ന്യൂനപക്ഷ വിരുദ്ധവും രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്നതുമാണ്. രാജ്യപുരോഗതിയോ പൗരന്മാരുടെ ക്ഷേമമോ അല്ല ബിജെപി ലക്ഷ്യം, മറിച്ച് ആർഎസ്എസ് അജണ്ടയായ വംശീയ ഉന്മൂലനമാണ്. ഇത് തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തേണ്ടത് ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പൗരസമൂഹത്തിൻ്റെ ബാധ്യതയാണ്. പാർലമെൻ്റിലെ കേവല ഭൂരിപക്ഷത്തിൻ്റെ ഹുങ്കിൽ ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന ബിജെപിയുടെ വ്യാമോഹം വിലപ്പോകില്ലെന്നും നിയമവാഴ്ച നിലനിൽക്കുന്ന കാലത്തോളം പൗരസമൂഹത്തിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പി അബ്ദുൽ ഹമീദ് കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരിയും സംബന്ധിച്ചു