ന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബ്രാഹ്മണനോ നായിഡുവോ ആ വകുപ്പ് കൈകാര്യം ചെയ്താൽ മാത്രമേ ആദിവാസികളുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ മയൂർ വിഹാറിൽ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
‘2016 ൽ ഞാൻ ആദ്യം എംപിയായതുമുതൽ മോദിജിയോട് പറയുന്നതാണ് എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട ട്രൈബൽ തരൂ എന്നത്. ഒരു ഉന്നത കുലജാതൻ അവർക്കുവേണ്ടി ട്രൈബൽ മന്ത്രിയാവണമെന്നത് എന്റെ ആഗ്രഹമാണ്. മന്ത്രിയാകാൻ യോഗ്യതയുള്ള ഒരു ട്രൈബൽ വിഭാഗക്കാരനുണ്ടെങ്കിൽ അയാളെ മുന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള മന്ത്രിയാക്കണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഈ പരിവർത്തനം ഉണ്ടാവണം’ സുരേഷ് ഗോപി പറഞ്ഞു.
‘കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ മാത്രം പോരാ.കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബഡ്ജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല.2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും. ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റ് അതിലേക്ക് ഉള്ളതാണ്.കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബിജെപി വരണം. തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്. അനിവാര്യമായതിന്റെ തുടക്കം കുറിക്കൽ ആയിരുന്നു അത്’ കേന്ദ്ര സഹമന്ത്രി പറഞ്ഞു.
നേരത്തേയും സുരേഷ് ഗോപി നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. അടുത്തൊരു ജന്മമുണ്ടെങ്കിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടെല്ലാം വളരെ പരുഷമായ രീതിയിലായിരുന്നു പ്രതികരിച്ചത്. അതിനിടെയാണ് താൻ ഉന്നത കുലജാതനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന വീണ്ടും സുരേഷ് ഗോപിയിൽ നിന്നുണ്ടായത്.