കല്‍പറ്റ: സുഗന്ധഗിരിയില്‍ നടന്ന അനധികൃത മരം മുറിയില്‍ ആരോപണ വിധേയയായ സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരീമിന് സ്ഥലം മാറ്റം. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി കാസര്‍ക്കോട്ടാക്കാണ് സ്ഥലം മാറ്റിയത്. സൗത്ത് വയനാട് ഡി.എഫ്.ഒയുടെ അധികച്ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്(വി.എഫ്)ബി. രഞ്ജിത്തിനു നല്‍കി.
സുഗന്ധഗിരി മരംമുറിയില്‍ ഡി.എഫ്.ഒ ഷജ്‌ന കരീമിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി
എ.പി.സി.സി.എഫ്(വിജിലന്‍സ്) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആവശ്യമായ ഫീല്‍ഡ് പരിശോധന ഉണ്ടാകാതിരുന്നതും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ജാഗ്രതയോടെ പ്രവര്‍ത്തിക്കാതിരുന്നതുമാണ് പ്രധാന വീഴ്ചായി എ.പി.സി.സി.എഫിന്റെ (വിജിലന്‍സ്) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
അനധികൃതമായി മുറിച്ച മുഴുവന്‍ മരങ്ങളും യഥാസമയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുറ്റവാളികള്‍ തടി കടത്തുകയുമുണ്ടായി. ഇതിനു കാരണമായത് ഡിഎഫ്ഒയുടെ കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഡി.എഫ്.ഒയെ വനം മേധാവി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് നടപടി മരവിപ്പിച്ചിരുന്നു.