- മദ്യം നിർബന്ധിച്ചു കുടിപ്പിച്ചത്, തന്റെ പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാനാണ് അജ്മലുമായി സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി.
കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊന്ന കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി.
‘താൻ ട്രാപ്പിൽ പെട്ടുപോയതാണെന്നും തന്റെ 13 പവൻ സ്വർണാഭരണങ്ങളും 20000 രൂപയും അജ്മലിന് നൽകിയിരുന്നുവെന്നും അത് തിരികെ കിട്ടാനാണ് അജ്മലുമായി സൗഹൃദം തുടർന്നതെന്നു’മാണ് ഡോ. ശ്രീക്കുട്ടി പോലീസിന് നൽകിയ മൊഴി.
അജ്മൽ നിർബന്ധിച്ചിട്ടാണ് താൻ മദ്യം കുടിച്ചത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്‌കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
എന്നാൽ, ശ്രീക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാാണ് താൻ മദ്യം വാങ്ങി നല്കിയതെന്നാണ് കേസിലെ മുഖ്യ പ്രതിയായ അജ്മലിന്റെ മൊഴി. ‘മനപ്പൂർവ്വമായിരുന്നില്ല യുവതിയുടെ ദേഹത്തുകൂടി വാഹനം കയറ്റിയത്. വാഹനം നിർത്താൻ നാട്ടുകാർ പറയുന്നത് കേട്ടു. പക്ഷേ, എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി. വാഹനം മുന്നോട്ട് എടുത്തത് തന്റെ ഇഷ്ടപ്രകാരമല്ലെന്നും അജ്മൽ മൊഴി നൽകി.
അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പോലീസ് പറയുന്നത്. അപകടം നടന്ന, തിരുവോണത്തിന്റെ തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്ന് എം.ഡി.എം.എ അടക്കം ലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിച്ചതായും പോലീസ് പറഞ്ഞു. ഹോട്ടൽ മുറിയിൽ നിന്ന് ഇവർ ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തിട്ടുണ്ട്. പ്രതികൾക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടിയത് എന്നതടക്കമുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
അതിനിടെ, ശ്രീക്കുട്ടി സേലത്ത് എം.ബി.ബി.എസിന് പഠിക്കാൻ പോയതിനുശേഷണ് ലഹരി ഉപയോഗം തുടങ്ങിയതെന്നും തുടർന്ന് അതിന് അടിമയായി മാറുകയായിരുന്നുവെന്നുമാണ് ഭർത്താവ് അഭീഷ് രാജ് പ്രതികരിച്ചത്. ലഹരിക്കു പുറമെ, അജ്മലുമായി ശ്രീക്കുട്ടിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. ശ്രീക്കുട്ടി ഇങ്ങനെയാകാൻ കാരണം അവരുടെ അമ്മയും അച്ഛനുമാണെന്നും അഭീഷ് രാജ് ആരോപിച്ചു.
എന്നാൽ, തന്റെ മകൾ ആരെയും ഉപദ്രവിക്കാത്ത നിരപരാധിയാണെന്നും അവൾ ആരുടെയും വണ്ടിയിൽ കയറാറില്ലെന്നും മോളെ അജ്മലും ഭർത്താവും ചേർന്ന് കുഴപ്പത്തിലാക്കുകയാണുണ്ടായതെന്നുമാണ് ശ്രീക്കുട്ടിയുടെ അമ്മ സുരഭിയുടെ പ്രതികരണം. അവളെ മയക്കുമരുന്ന് വല്ലതും നൽകി പാകപ്പെടുത്തി എടുത്തോന്ന് സംശയമുണ്ട്. എന്റെ കൊച്ചിനെ അകത്താക്കാൻ വലിയ ഗൂഢാലോചനയുണ്ടായെന്നും അഭീഷ് രാജുമായുള്ള വിവഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നും കേസ് നടക്കുകയാണെന്നും ശ്രീക്കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
യുവതിയുടെ ജീവനെടുത്ത കാർ അപകടത്തിൽ മദ്യലഹരിയിലായിരുന്നു ശ്രീക്കുട്ടിയും അജ്മലും. ഇവർ പലപ്പോഴും മദ്യ പാർട്ടിക്കായി ഒരുമിച്ച് ചേരാറുണ്ടെന്നും അന്നും പതിവ് പോലെ മദ്യ പാർട്ടി കഴിഞ്ഞു വരുന്നതിനിടെയാണ് യുവതിയുടെ ശരീരത്തിൽ കാർ ഇടിച്ച് കയറ്റിയതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ലഹരി ഉപയോഗിച്ചതായി ശ്രീക്കുട്ടി തന്നെ സമ്മതിക്കുകയുമുണ്ടായി. ഡോക്ടറായ ശ്രീക്കുട്ടി കാർ എടുക്കാൻ പറഞ്ഞതിനെ തുടർന്നാണ് കാർ നിർത്താതെ പോയതെന്നും ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടറെ ജോലിയിൽനിന്ന് ആശുപത്രി അധികൃതർ പിരിച്ചുവിട്ടിരുന്നു.
നിലവിൽ ഇരു പ്രതികളും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് കസ്റ്റഡി കാലാവധി അവസാനിക്കുക. തിങ്കളാഴ്ച ഇവരുടെ ജാമ്യാപേക്ഷ കോടതിക്കു മുമ്പിലെത്തുമെന്നാണ് വിവരം.