- വായനയുടെ ഹരങ്ങളില്‍ മുഹമ്മദ് അബ്ബാസ് മുതല്‍ സക്കറിയ വരെ
- പി.എം മായിന്‍കുട്ടിക്ക് ഗ്രന്ഥങ്ങൾ കൊണ്ടൊരു യാത്രാമൊഴി
ജിദ്ദ: സമീക്ഷ പി.ജി സ്മാരക വായനാവേദിയുടെ ഈ മാസത്തെ പുസ്തകാസ്വാദനത്തില്‍ പുതിയ എഴുത്തിന്റെ തീക്ഷ്ണതയത്രയും വാക്കുകളില്‍ ഒളിപ്പിച്ച മുഹമ്മദ് അബ്ബാസ് മുതല്‍ റോണ്ടാ ബയ്ന്‍, ആന്ദ്രേ തര്‍കോവ്‌സ്‌കി, ഇ.പി ശ്രീകുമാര്‍, ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ (ജവഹര്‍ലാല്‍ നെഹ്‌റു), സക്കറിയ, അർഷാദ് ബത്തേരി വരെയുള്ള എഴുത്തുകാരുടെ കൃതികളിലൂടെയുള്ള സമ്പന്നമായൊരു സര്‍ഗസഞ്ചാരമായി മാറി. ‘ആത്മഹത്യക്കും ഭ്രാന്തിനുമിടയില്‍ – വായനോന്മാദത്തിന്റെ ഭൂകമ്പങ്ങള്‍’ എന്ന മുഹമ്മദ് അബ്ബാസിന്റെ പുസ്തകവിചാരം നടത്തിയ മുസാഫിര്‍, വായനാനുഭവങ്ങളുടെ അവതരണത്തിന് തുടക്കം കുറിച്ചു. ഷറഫിയ നവോദയ ഓഫീസില്‍ നടന്ന ചടങ്ങില്‍ സമീക്ഷ പ്രസിഡന്റ് ഹംസ മദാരി അധ്യക്ഷത വഹിച്ചു.
ജീവിതത്തിന്റെ അവ്യവസ്ഥകളില്‍ നിന്ന് മോചനം തേടാന്‍ ഭാവനയുടെ വിപുലമായ വിഹായസ്സില്‍ പറന്നു നടന്ന, പെയിന്റിംഗ് തൊഴിലാളിയായ മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് അബ്ബാസ് ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരനായി മാറിയ ആവേശകരമായ കഥ മുസാഫിര്‍ വിവരിച്ചു.
മുട്ടത്ത് വര്‍ക്കി മുതല്‍ ഡെസ്റ്റോവ്‌സികിയും മാര്‍ക്വേസുമൊക്കെ വായിച്ചു തീര്‍ത്ത, എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ ശേഷം മലയാളം പഠിച്ച മുഹമ്മദ് അബ്ബാസ് അറിയപ്പെടുന്ന എഴുത്തുകാരനായി ഉയര്‍ന്നത് ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങൾക്കിടയിലും വായന ഉന്മാദമാക്കിയത് കൊണ്ടാണ്. ആത്മഹത്യക്കും ഭ്രാന്തിനുമിടയില്‍ എന്ന പുസ്തകത്തില്‍ അബ്ബാസ്, താൻ വായിച്ച പതിനഞ്ചുകഥകളിലെ കഥാപാത്രങ്ങളും കഥാപരിസരവും കലുഷമായ തന്റെ ജീവിതത്തെ ഏത് വിധം സ്വാധീനിച്ചുവെന്ന് സമഗ്രമായി പ്രതിപാദിക്കുന്നു.
ബഷീര്‍, ഒ.വി വിജയന്‍, തകഴി, കാരൂര്‍, ടി. പത്മനാഭന്‍, മാധവിക്കുട്ടി, എന്‍. മോഹനന്‍, എം.ടി, പുനത്തില്‍, മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി, സേതു, ചന്ദ്രമതി, എന്‍.എസ് മാധവന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവരുടെ കൃതികളിലൂടെയാണ് മുഹമ്മദ് അബ്ബാസ് സഞ്ചരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ തന്നെ ഇത് വായനയുടെ ഉന്മാദം പകരുന്നതാണെന്ന് മുസാഫിര്‍ ചൂണ്ടിക്കാട്ടി.
ആകര്‍ഷണ നിയമത്തെക്കുറിച്ചുള്ള ആശയം, പോസിറ്റീവ്-നെഗറ്റീവ് ചിന്തകള്‍ മനുഷ്യമനസ്സിലേക്ക് കൊണ്ടുവരുന്ന അനുഭവങ്ങള്‍ എന്നിവ വിവരിക്കുന്ന സീക്രട്ട് എന്ന പുസ്തകത്തെക്കുറിച്ചാണ് ഷാജു അത്താണിക്കല്‍ വായനാനുഭവം പങ്കിട്ടത്. മന: ശാസ്ത്രപരവും സാമൂഹികവുമായ പ്രതിഭാസങ്ങളുടെ അമിതമായ ലളിതവല്‍ക്കരണത്തിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും അത് അയഥാര്‍ഥമായ പ്രതീക്ഷകളിലേക്ക് നയിച്ചേക്കാമെന്നുമുള്ള വിമര്‍ശകരുടെ വാദവും ഷാജു പ്രതിപാദിച്ചു.
പറക്കുംതളിക (സക്കറിയ) ഭ്രമാത്മകമായ ചില സങ്കേതങ്ങളുടെ ആവിഷ്‌കാരമാണെന്നും സക്കറിയയുടെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇതിന്റെ അവതരണമെന്നും ഷിബു തിരുവനന്തപുരം ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ ദുരൂഹമായ കെട്ടുപാടുകളും അജ്ഞാതമായ സമസ്യകളും ഒരു സ്ത്രീയുടെ അമാനുഷിക ശക്തിയിലൂടെ ആവിഷ്‌കരിക്കുകയും അത് വഴി സാമ്പ്രദായികമായ കല്‍പനകളെ ചോദ്യം ചെയ്യുകയുമാണ് സക്കറിയ എന്ന് ഷിബു അഭിപ്രായപ്പെട്ടു.
തര്‍കോവ്‌സ്‌കിയുടെ സിനിമയെക്കുറിച്ചുള്ള ആസ്വാദനമാണ് ചലച്ചിത്രപ്രവര്‍ത്തകന്‍ കൂടിയായ അലി അരീക്കത്ത് നിര്‍വഹിച്ചത്. നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകളെക്കുറിച്ച് പ്രവചനസ്വഭാവത്തോടെ അഭ്രപാളികളില്‍ ആവിഷ്‌കരിച്ച സ്‌റ്റോള്‍ക്കര്‍ എന്ന പടം തര്‍കോവ്‌സ്‌കിയുടെ മാസ്റ്റര്‍പീസാണെന്നും അലി വ്യക്തമാക്കി. ഇ.പി ശ്രീകുമാറിന്റെ ‘മാറാമുദ്ര’ യാണ് നൂറുന്നിസ ബാവ, വായനയ്ക്ക് വിധേയമാക്കിയത്.
അര്‍ഷദ് ബത്തേരിയുടെ ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന കൃതിയുടെ ആസ്വാദനമാണ് ഫൈസു മമ്പാട് അവതരിപ്പിച്ചത്. പ്രേംകുമാര്‍ സ്വന്തം കവിത അവതരിപ്പിച്ചു.
റെജി അന്‍വര്‍ തന്റെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കണ്ട ഇന്ദിരാഗാന്ധി മ്യൂസിയത്തിന്റെ പശ്ചാത്തലവും ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളിലൂടെയുള്ള വാല്‍സല്യത്തിന്റെ ചിത്രങ്ങളും അവതരിപ്പിച്ചു.
ഒരു കെ.ജി അധ്യാപികയെന്ന നിലയില്‍ കുട്ടികളോടുള്ള അടുപ്പം സുദൃഢമാക്കുന്നതിന് ഈ വായന ഏറെ ഉപകരിച്ചുവെന്നും റെജി അന്‍വര്‍ ചൂണ്ടിക്കാട്ടി.
പ്രവാസം അവസാനിപ്പിക്കുന്ന പി.എം. മായിന്‍കുട്ടിക്ക് (മലയാളം ന്യൂസ്) സമീക്ഷയുടെ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ഹംസ മദാരിയുടെയും ശ്രീകുമാർ മാവേലിക്കരയുടെയും കിസ്മത്ത് മമ്പാടിന്റെയും നേതൃത്വത്തില്‍ മായിൻകുട്ടിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
ഒന്നര വ്യാഴവട്ടം മുമ്പാരംഭിച്ച സമീക്ഷയുടെ സാഹിത്യാസ്വാദനസംരംഭങ്ങളെ പ്രശംസിച്ച മായിന്‍കുട്ടി പ്രസ് ക്ലബ്ബില്‍ തന്റെ പത്രപ്രവര്‍ത്തനരംഗത്തെ മികച്ച അധ്യാപകന്‍ കൂടിയായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ നാമധേയത്തിലുള്ള സമീക്ഷയുടെ സാരഥികള്‍ക്ക് നന്ദി പറയുകയും ചൈതന്യ ധന്യമായ തന്റെ പ്രവാസാനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്തു.
മുസഫര്‍ പാണക്കാട്, ശ്രീകുമാര്‍ മാവേലിക്കര, അസൈന്‍ ഇല്ലിക്കല്‍, അബ്ദുല്ല മുക്കണ്ണി, റഫീഖ് പത്തനാപുരം, അസൈന്‍ ഇല്ലിക്കല്‍, അദ്‌നു, അനുപമ ബിജുരാജ്, ബിജുരാജ്, സലീനാ മുസാഫിര്‍, റജിയാ വീരാന്‍, വീരാൻ കുട്ടി, സിമി അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഖാദര്‍, തുടങ്ങിയവരും പങ്കെടുത്തു.