പത്തനംതിട്ട: പത്തനംതിട്ടയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ നടപടി. കോന്നി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ലാര്‍ക്ക് യദു കൃഷ്ണനെ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.
പിഡിഎഫ് ആയി നല്കിയ പട്ടിക യദു കൃഷ്ണന്റെ കൈയില്‍നിന്ന് അബദ്ധത്തില്‍ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോയെന്നാണ് കണ്ടെത്തല്‍. ഗുരുതര വീഴ്ചയായതിനാല്‍ ഇയാള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
സംഭവത്തില്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം സിപിഎം അനുകൂല സംഘടനയാണ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർത്തിയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ക്ലാർക്കിനെതിരേ നടപടി സ്വീകരിച്ചതോടെ അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.