കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുളനട സ്വദേശി നിഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ്.
വൈകിട്ട് മൂന്നോടെ പത്തനാപുരം മഞ്ചള്ളൂർ മഠത്തിൽ മണക്കാട്ട് കടവിലായിരുന്നു അപകടം. ബന്ധുക്കളും സുഹൃത്തുക്കളുമായ ഏഴംഗ സംഘമാണ് കടവിൽ കുളിക്കാൻ എത്തിയത്. ഇതിനിടെ നിഖിൽ ആദ്യം വെള്ളത്തിൽ വീഴുകയായിരുന്നു. പിന്നാലെ രക്ഷിക്കാൻ ശ്രമിച്ച സുജിനും അപകടത്തിൽപെട്ടു.
ഒപ്പമുണ്ടായിരുന്നവർ വിവരം നാട്ടുകാരെയും ഫയർഫോഴ്സിനെയും അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.